മണിപ്പൂരിലെ കലാപ തീ കെടുന്നില്ല. ബിഷ്ണുപുരില്‍ വെള്ളിയാഴ്ച വൈകിയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ക്വാക്ട പ്രദേശത്തെ മെയ്‌തെയ് വിഭാഗക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. കുകി വിഭാഗക്കാരുടെ നിരവധി വീടുകള്‍ അഗ്നിക്കിരയായി.
പ്രദേശത്ത് ഇപ്പോഴും വെടിവെയ്പ്പ് തുടരുകയാണ്. കുകി വിഭാഗക്കാരും സുരക്ഷ സേനയും തമ്മിലാണ് വെടിവെയ്പ്പ്. മണിപ്പൂര്‍ പൊലീസും കമാന്‍ഡോകളുമാണ് കുകികളെ നേരിടുന്നത്. നിരോധിത മേഖലയിലേക്ക് കുകികള്‍ കടന്ന് വന്ന് മെയ്‌തെയ്കള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച ബിഷ്ണുപൂർ ജില്ലയിൽ സായുധ സേനയും മെയ്തെയ് വിഭാഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. 17 പേർക്കാണ് ഏറ്റുമുട്ടലിൽ പരിക്കേറ്റത്. തുടർന്ന് നേരത്തെ പ്രഖ്യാപിച്ച കർഫ്യൂ ഇളവുകൾ പിൻവലിച്ചിരുന്നു. ജില്ലയിലെ കാങ്വായ്, ഫൗഗക്ചാവോ മേഖലകളിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചിരുന്നു. മെയ്തെയ് സ്ത്രീകൾ ബാരിക്കേഡ് സോൺ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും സംഘർഷം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, മണിപ്പൂർ നിയമസഭ സമ്മേളനം ആഗസ്റ്റ് 21 ന് ചേരും. നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണർ അനുമതി നൽകി. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്ത് വന്നിരിന്നു. നിയമസഭാ സമ്മേളനത്തിൽ മണിപ്പൂരിലെ സംഘർഷം ചർച്ചയാകും. സംഘർഷം ആരംഭിച്ചതിനുശേഷം ആദ്യമായിട്ടാണ് നിയമസഭ സമ്മേളിക്കുന്നത്.