ആഗ്ര: 2011ലെ ആക്രമണ കേസില്‍ ബിജെപി എംപിക്ക് രണ്ട് വര്‍ഷം തടവുശിക്ഷ. രാം ശങ്കര്‍ കതേരിയയെയാണ് ആഗ്ര എംപി-എംഎൽഎ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ഇതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം രാംശങ്കര്‍ കതേരിയയുടെ ലോക്സഭാംഗത്വം നഷ്ടപ്പെട്ടു. ആഗ്ര കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചു. മുൻ കേന്ദ്രമന്ത്രി കൂടിയായ കതേരിയയെ 2011ൽ വൈദ്യുതി വിതരണ കമ്പനിയിലെ ജീവനക്കാരനെ ആക്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. 2011 നവംബർ 16 ന് മാളിലെ ടോറന്റ് പവർ ഓഫീസ് തകർത്തതിനും ജീവനക്കാരനെ ആക്രമിച്ചെന്നുമായിരുന്നു കേസ്.
ജനപ്രാതിനിധ്യ നിയമം 1951 പ്രകാരം, രണ്ടോ അതിലധികമോ വർഷത്തേക്ക് ഏതെങ്കിലും കുറ്റത്തിന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ശിക്ഷിക്കപ്പെട്ടാൽ അയോഗ്യനാക്കണം എന്നാണ് ചട്ടം.
കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും അപ്പീല്‍ പോകുമെന്നും കതേരിയ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഇറ്റാവ ലോക്സഭ സീറ്റില്‍ നിന്നാണ് രാംശങ്കര്‍ കതേരിയ തെരഞ്ഞെടുക്കപ്പെട്ടത്. മുൻ കേന്ദ്ര സഹമന്ത്രിയും എസ്‌സി-എസ്ടി കമീഷൻ ചെയര്‍മാനുമായിരുന്നു കതേരിയ. നിലവിൽ പ്രതിരോധ, കൺസൾട്ടേറ്റീവ് കമ്മിറ്റി, ആഭ്യന്തര മന്ത്രാലയത്തിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു.