സ്നേഹയെ കൊല്ലാൻ അനുഷ തയ്യാറാക്കിയത് എയര്‍ എംബോളിസം, സ്വാഭാവിക മരണമെന്ന് വരുത്താൻ ലക്ഷ്യമിട്ടു

0
97

പത്തനംതിട്ടയില്‍ പരുമലയിൽ ആശുപത്രിയിൽ പ്രസവിച്ച് കിടന്ന സ്നേഹയെ കൊലപ്പെടുത്താന്‍ അറസ്റ്റിലായ അനുഷ തയ്യാറാക്കിയത് വന്‍ പദ്ധതി. തന്‍റെ സുഹൃത്തായ അരുണിനെ സ്വന്തമാക്കാനാണ് സ്നേഹയെ വകവരുത്താന്‍ അനുഷ തീരുമാനിക്കുന്നത്. രക്തധമനികളിലൂടെ വായു കടത്തിവിട്ട് ‘എയര്‍ എംബോളിസ’ത്തിലൂടെ കൊലപ്പെടുത്താനായിരുന്നു ഫാര്‍മസിസ്റ്റായ അനുഷയുടെ നീക്കം.

എയര്‍ എംബോളിസം മാര്‍ഗത്തിലൂടെ (വായു ഞരമ്പില്‍ കയറ്റുക) സ്‌നേഹയ്ക്ക് ഹൃദയാഘാതംവരുത്തുകയും സ്വാഭാവികമരണമെന്ന് വരുത്തി തീര്‍ക്കുകയുമായിരുന്നു അനുഷയുടെ ലക്‌ഷ്യം. രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്നതാണ് എയര്‍ എംബോളിസം. രക്തചംക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതോടെ മരണം വരെ സംഭവിക്കാവുന്നതാണ് ഇത്. ശ്വാസകോശം അമിതമായി വികസിക്കുകയും ഹൃദയാഘാതം സംഭവിക്കാനും സാധ്യത കൂടുതലാണ്. സിരയുടെയോ ധമനിയുടെയോ വായുകടത്തിവിടുമ്പോഴുണ്ടാകുന്ന അപൂര്‍വ സങ്കീര്‍ണതയാണ് വെനസ് എയര്‍ എംബോളിസം.

സ്നേഹയെ കൊല്ലാൻ ശ്രമിച്ചത്‌ ഓക്‌സിജൻ കുത്തിവെച്ചാണെന്ന് പൊലീസ് കണ്ടെത്തി. നഴ്‌സിന്റെ വേഷമണിഞ്ഞെത്തിയ കായംകുളം സ്വദേശിയായ അനുഷയെയാണ്‌ (25) പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സൂചി ഒരുതവണ സ്‌നേഹയുടെ കയ്യിൽ കൊണ്ടു. ഡ്യൂട്ടി നഴ്‌സ്‌ മുറിയിലേക്ക് കടന്നു വന്നതോടെയാണ്‌ ശ്രമം തടഞ്ഞത്‌. ആശുപത്രി ജീവനക്കാരെത്തിയാണ്‌ അനുഷയെ പിടികൂടിയത്‌. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഒരാഴ്‌ച മുമ്പ്‌ പ്രസവ ശുശ്രൂഷയ്‌ക്കായാണ്‌ സ്‌നേഹ (25) ആശുപത്രിയിലെത്തിയത്‌. കഴിഞ്ഞ ദിവസം ഇവർ ആൺകുഞ്ഞിനെ പ്രസവിച്ചു. യുവതിയുടെ അമ്മയാണ് ഒപ്പമുള്ളത്.

വെള്ളിയാഴ്‌ച ഡിസ്‌ചാ‌ർജായി പോകാൻ തുടങ്ങവെയാണ്‌ മാസ്‌ക്‌ ധരിച്ച് നഴ്‌സിന്റെ വേഷത്തിൽ അനുഷ വന്നത്‌. ഒരു ഇഞ്ചക്ഷൻ കൂടി ഉണ്ടെന്ന് പറഞ്ഞ് കുത്താൻ തുടങ്ങുമ്പോൾ ഡ്യൂട്ടി നഴ്‌സ്‌ മുറിയിലേക്ക് വന്നു. നഴ്‌സ്‌ കുത്തിവയ്‌ക്കുന്നത്‌ തടഞ്ഞു. അപ്പോഴേക്കും സൂചി യുവതിയുടെ കൈയിൽ കൊണ്ടിരുന്നു. ആശുപത്രിയിലെ നഴ്‌സല്ല കുത്തിവയ്‌ക്കാൻ ശ്രമിച്ചതെന്ന്‌ ബോധ്യമായതോടെ മറ്റുള്ളവരെ അറിയിച്ച് പിടികൂടുകയായിരുന്നു. ഇവർ പരസ്‌പര വിരുദ്ധമായാണ്‌ സംസാരിച്ചത്‌. കുത്തിവച്ച ഭാഗത്ത് അൽപം നീര്‌ വന്നെങ്കിലും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പിടിയിലായ അനുഷ ഫാർമസിസ്‌റ്റാണ്‌. ഭർത്താവ്‌ വിദേശത്താണ്‌.

സ്‌നേഹ ആശുപത്രിയില്‍ പ്രസവിച്ചുകിടക്കുന്ന വിവരമുള്‍പ്പെടെ അരുണ്‍ വാട്‌സാപ്പ് ചാറ്റിങ്ങിലൂടെ അനുഷയെ അറിയിച്ചിരുന്നതായും ഇരുവരും നിരന്തരം ഫോൺ വഴി ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അനുഷയുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു.