“തെരുവിലിറങ്ങാൻ സമയമായി, ശബരിമല സമരത്തിന് സമാന അവസരം, അമ്മമാരെ രംഗത്തിറക്കണം”; കലാപത്തിന് ആഹ്വാനം ചെയ്ത് കെ സുരേന്ദ്രൻ

0
84

കേരളത്തിൽ കലാപമുണ്ടാക്കാൻ ആഹ്വാനം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സംസ്ഥാനത്ത് നിലനിൽക്കുന്ന ക്രമസമാധാനം തകർത്തും വർഗീയത പടർത്തിയും കലാപമുണ്ടാക്കാനാണ് മഹിളാ മോര്‍ച്ച സംസ്ഥാനസമിതി യോഗത്തിൽ സുരേന്ദ്രൻ ആഹ്വാനം ചെയ്‍തത്. വിശ്വാസത്തിന്റെ പേരിൽ അമ്മമാരെ വീണ്ടും തെരുവിലിറക്കാൻ കിട്ടിയ നല്ല അവസരമാണെന്നും അത് പരമാവധി ഉപയോഗപ്പെടുത്തണമെന്നും കെ സുരേന്ദ്രൻ ആഹ്വാനം ചെയ്തിട്ടുണ്ട്. എൻഎസ്എസും മറ്റുചിലരും നമുക്കൊപ്പം വരും. അതുകൊണ്ടുതന്നെ ഇത്തവണ സംഗതി കയ്യിൽനിന്നും പോകരുതെന്നും അതിനുവേണ്ടിയുള്ള സൂക്ഷ്മത പുലർത്തണമെന്നും സുരേന്ദ്രൻ മഹിളാമോര്‍ച്ച യോഗത്തില്‍ പറഞ്ഞു.

ബുധനാഴ്ച കോഴിക്കോട്ട് മാരാർജി ഭവനിൽ ചേർന്ന മഹിളാ മോര്‍ച്ച സംസ്ഥാനസമിതി യോഗത്തിലാണ് ഒരു മറയുമില്ലാതെ വർഗീയ കലാപത്തിന് കെ സുരേന്ദ്രൻ ആഹ്വാനം ചെയ്‍തത്. പ്രസംഗത്തിന്റെ വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായി. മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് രേഖാ ഗുപ്ത, സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ, ബിജെപി സംസ്ഥാന സെക്രട്ടറി കെ സുഭാഷ്, സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, സംസ്ഥാന വക്താവ് ടി പി സിന്ധുമോൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സുരേന്ദ്രന്റെ കലാപാഹ്വാനം.

വിഘ്‌നേശ്വരന്റെ വിശ്വാസം സംരക്ഷിക്കാന്‍ കേരളത്തിലെ അമ്മമാര്‍ രംഗത്തിറങ്ങേണ്ട സമയമായി. ശബരിമല വിഷയത്തിന് സമാനമായ സംഭവമാണിതെന്നും മഹിളാമോര്‍ച്ച യോഗത്തില്‍ കെ സുരേന്ദ്രന്‍ ആവർത്തിച്ചു പറഞ്ഞു. ശബരിമല പ്രക്ഷോഭത്തിന്റെ ഗുണം ബിജെപിക്ക് ലഭിച്ചില്ല. എന്നാല്‍ ഇത്തവണ അതുണ്ടാകരുതെന്നും സാഹചര്യം ബിജെപിക്ക് അനുകൂലമാക്കി മാറ്റണമെന്നും സുരേന്ദ്രന്‍ പറയുന്നു. അമ്മമാരെയൊക്കെ തെരുവിലിറക്കാൻ കിട്ടിയ നല്ല അവസരമാണിത്. ശബരിമല പ്രക്ഷോഭത്തിന് സമാന അവസരം വന്നിരിക്കുന്നു.

കഴിഞ്ഞതവണ നടത്തിയതുപോലെ നാമജപ ഘോഷയാത്രയും സമരവും നടത്താനുള്ള അവസരം. ശബരിമലയില്‍ തല്ലുകൊണ്ടതിന് ഗുണമുണ്ടായില്ല. നിരവധി അമ്മമാർ അടി കൊണ്ട്, കേസും കൂട്ടവുമായി, എന്നാൽ ശബരിമല പ്രക്ഷോഭത്തിന്റെ ഗുണം ബിജെപിക്ക് കിട്ടിയില്ല. തല്ലുകൊണ്ടതും ജയിലില്‍ പോയതും നമ്മുടെ അമ്മമാരും പ്രവർത്തകരും. പക്ഷെ തെരഞ്ഞെടുപ്പ്പ വന്നപ്പോൾ നേട്ടം വേറെ ചിലര്‍ കൊണ്ടുപോയി. ഇത്തവണ അതുണ്ടാകരുത്. ശബരിമല പ്രക്ഷോഭത്തിന് സമാന അവസരം വന്നിരിക്കുകയാണ്. അമ്മമാരെ ഉൾപ്പെടെ കൂട്ടത്തോടെ രംഗത്തിറക്കണം. അടുത്ത എട്ടു മാസം കഴിഞ്ഞാൽ തെരഞ്ഞെടുപ്പാണ്. അത് മഹിളാമോർച്ചയുടെ നേതാക്കൾ പ്രത്യേകം ഓർക്കണം.ഇത്തവണ ബിജെപിക്ക് അനുകൂലമാക്കി മാറ്റണം- സുരേന്ദ്രൻ പറഞ്ഞു.

സ്പീക്കർ എ എൻ ഷംസീറിനെ അവന്‍ എന്നും ഇവന്‍ എന്നും ഒരുത്തന്‍ എന്നും അവലാതിയെന്നുമൊക്കെ വിളിച്ച് അധിക്ഷേപിച്ചാണ് സുരേന്ദ്രൻ സംസാരിച്ചത്. ‘കണ്ടാമൃഗത്തേക്കാള്‍ തൊലിക്കട്ടിയുള്ള ഒരുത്തൻ എന്നാണ് ഷംസീറിനെ വിളിച്ചത്. ഗണപതി മിത്താണെന്ന് പറഞ്ഞ ഷംസീറിനെ പോലെയുള്ള അലവലാതികള്‍ക്ക് അള്ളാഹു നല്ലയാളാണ്. 30 ദിവസം നോമ്പെടുക്കുന്ന, എല്ലാ വെള്ളിയാഴ്ചയും പള്ളിയില്‍ പോകുന്ന ഷംസീര്‍ എന്തിനാണ് ഹിന്ദുക്കളെ അധിക്ഷേപിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. ഹൂറിമാരുടെ കാര്യം സുകുമാരൻ നായർ ചോദിച്ചിട്ടുണ്ട്. അതിനൊന്നനും ഒന്നും ഈ കൂട്ടങ്ങൾ പറഞ്ഞിട്ടില്ല എന്നും സുരേന്ദ്രൻ പറഞ്ഞു.