ബിജെപിക്ക് കനത്ത തിരിച്ചടി; രാഹുലിനെതിരായ അപകീർത്തി കേസിൽ തടവ് ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു, എംപിയായി തുടരാം

0
139

ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അപകീര്‍ത്തി കേസില്‍ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ഹർജിയിൽ സുപ്രീം കോടതിയുടെ അനുകൂലവിധി. ഇതോടെ രാഹുൽ ഗാന്ധിയുടെ അയോഗ്യത നീങ്ങി. സുപ്രീം കോടതിയിൽ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് രാഹുൽ ഗാന്ധിക്കെതിരായ ശിക്ഷാ വിധി സ്റ്റേ ചെയ്തതെന്ന് “ലൈവ് ലോ” റിപ്പോർട്ട് ചെയ്‌തു. ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ തയ്യാറാകാതിരുന്ന ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയായിരുന്നു രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്. സൂറത്ത് സിജെഎം കോടതിയുടെ വിധി സ്റ്റേ ചെയ്യാനുള്ള രാഹുൽ ഗാന്ധിയുടെ ആവശ്യമാണ് ഇതോടെ സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നത്. ജസ്റ്റിസ് ബിആര്‍ ഗവായ്, പിഎസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് രാഹുല്‍ ഗാന്ധി ഹര്‍ജി പരിഗണിച്ചത്.

കീഴ്‌ക്കോടതി വിധി പരിശോധിക്കുന്ന ഘട്ടത്തില്‍, പരമാവധി ശിക്ഷ എന്നതിലേക്ക് എങ്ങനെ എത്തിയെന്നത് സംശയമുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായി ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷത്തെ ശിക്ഷ എങ്ങനെ വന്നുവെന്നത് ഉത്തരവില്‍ അവ്യക്തമാണ്. ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യത്തിൽ രാഹുലിന് പരമാവധി ശിക്ഷ നൽകിയത് എന്തിനാണെന്ന ചോദ്യവും സുപ്രീംകോടതി ഉയർത്തി.

കൂടാതെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ മേൽക്കോടതിയും ഹൈക്കോടതിയും ഈ വശങ്ങളൊന്നും പരിഗണിച്ചിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. പൊതുപ്രസംഗങ്ങൾ നടത്തുമ്പോൾ രാഹുൽ ജാഗ്രത പുലർത്തേണ്ടിയിരുന്നു എന്നതിൽ സംശയമില്ലെന്നും കോടതി പറഞ്ഞു. പരമാവധി ശിക്ഷ വിധിക്കുന്നതിന് വിചാരണ കോടതി കൃത്യമായ കാരണമൊന്നും പറഞ്ഞിട്ടില്ല എന്നതിനാൽ അന്തിമവിധി വരെ ശിക്ഷാ ഉത്തരവ് സ്റ്റേ ചെയ്യുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു.

ഇരുവിഭാഗത്തിനും അവരുടെ വാദമുഖങ്ങൾ ഉയർത്താൻ 15 മിനിട്ട് വീതം കോടതി അനുവദിച്ചിരുന്നു. പൂര്‍ണേഷ് മോദിയുടെ യഥാര്‍ത്ഥ സര്‍നെയിം മോദിയെന്നല്ല മോദ് എന്നാണെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാണിച്ചു. അദ്ദേഹം സര്‍നെയിം പിന്നീട് മാറ്റുകയായിരുന്നു എന്ന വാദവും സിംഗ്‌വി ഉയർത്തി. തൻ്റെ കക്ഷിയുടെ സർ നെയിം മോദി എന്ന് തന്നെയാണെന്ന് മഹേഷ് ജെത്മലാനി ചൂണ്ടിക്കാണിച്ചു.

കേസ് നിലനിൽക്കില്ല, ഏതെങ്കിലും ഒരു വിഭാഗത്തെ ബോധപൂർവം അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശം രാഹുൽ ഗാന്ധിക്ക് ഇല്ലായിരുന്നു എന്ന വാദമാണ് അഭിഷേക് സിംഗ്‌വി മുന്നോട്ടുവച്ചത്. രാഹുൽ ഗാന്ധി പേരെടുത്ത് പറഞ്ഞ ആരും കേസുമായി വന്നിട്ടില്ലെന്നും സിംഗ്‌വി ചൂണ്ടിക്കാണിച്ചിരുന്നു. വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് സിംഗ്‌വി പരാമർശിച്ചപ്പോൾ കോടതിയിൽ രാഷ്ട്രീയം പറയണ്ട അത് രാജ്യസഭയിൽ പറഞ്ഞാൽ മതിയെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞിരുന്നു.

പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ സൂറത്ത് സെഷന്‍സ് കോടതി രാഹുലിന് രണ്ട് വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതോടെ രാഹുകൾഗാന്ധിയെ അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കുകയും ചെയ്‌തു.സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതിയും ഗുജറാത്ത് ഹൈക്കോടതിയും തള്ളി. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

രാഹുല്‍ മാപ്പ് പറയാന്‍ തയ്യാറായില്ലെന്നും അഹങ്കാരിയാണെന്നുമാണ് പരാതിക്കാരനായ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി കേസിൽ എതിര്‍ സത്യവാങ്മൂലം നൽകിയിരുന്നു. മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധിയും മറുപടി സത്യവാങ്മൂലം നൽകിയിരുന്നു. 2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ നടന്ന പ്രസംഗത്തിലെ മോദി പ്രയോഗത്തിലാണ് പൂര്‍ണേഷ് മോദി ഗുജറാത്തിലെ സൂറത്തില്‍ രാഹുലിനെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയത്. മാപ്പ് പറയില്ലെന്നും മാപ്പുപറയാന്‍ താന്‍ സവര്‍ക്കറല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.