ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യണം; മറുനാടൻ ഓഫീസിലേക്ക് എസ്‌എൻഡിപി യൂത്ത് മൂവ്മെന്റ് മാർച്ച്

0
133

തിരുവനന്തപുരം: ശ്രീനാരായണ ​ഗുരുവിനെയും എസ്എൻഡിപി നേതാക്കളെയും അപകീർത്തിപ്പെടുത്തിയ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്‌എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് പ്രതിഷേധ മാർച്ച്. മറുനാടൻ മലയാളിയുടെ പട്ടത്തെ ഓഫീസിലേക്കാണ് മാർച്ച്. മറുനാടന്റെ ഓഫീസ് അടച്ചു പൂട്ടണമെന്നാണ് ആവശ്യം.

ഷാജൻ സ്കറിയയ്ക്കെതിരെ സംസ്ഥാനത്ത് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതു പ്രകാരം നടപടിയെടുത്തില്ലെങ്കിൽ നിയമം കയ്യിലെടുക്കാൻ നിർബന്ധിതരാകുമെന്ന് എസ്എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് വ്യക്തമാക്കി. തങ്ങളുടെ നേതാക്കളെ ഇനിയും അധിക്ഷേപിച്ചാൽ ഷാജൻ സ്കറിയയെ തെരുവിൽ കൈകാര്യം ചെയ്യും, ഒരു ജില്ലയിൽ പോലും ഇറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കുമെന്ന് അഡ്വ സിനിൽ മുണ്ടപ്പള്ളി പറഞ്ഞു.

ശ്രീനിജൻ കേസിൽ എസ്‌എൻഡിപി യോഗം യൂത്ത് മൂവ്മെന്റ് കക്ഷി ചേരാൻ തീരുമാനിച്ചു. വ്യാജ വാർത്ത ഉൽപ്പാദനം തുടർന്നാൽ ഷാജൻ സ്കറിയയെ തെരുവിൽ കൈകാര്യം ചെയ്യും. ഗോവിന്ദച്ചാമിയുടെ മനസുള്ള ആളാണ്‌ ഷാജൻ സ്കറിയ. ഇനി ഇത്തരം വൃത്തികേടുകൾ ആവർത്തിച്ചാൽ പുറത്തിറങ്ങാൻ പറ്റുകയില്ല- സിനിൽ പറഞ്ഞു.

നാളെ ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഷാജനെതിരെ പരാതി കൊടുക്കും. അടുത്ത ദിവസങ്ങളിൽ ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ കേസ് ഫയൽ ചെയ്യും. എസ്‌എൻഡിപി യൂത്ത് മൂവ്മെന്റ് വ്യക്തമാക്കി.