വേനൽച്ചൂടിൽ ആശ്വാസമായി യുഎഇയിൽ മഴ, ആലിപ്പഴവർഷം

0
143

കനത്ത ചൂടിന് ആശ്വാസമായി വ്യാഴാഴ്ച വൈകീട്ട് യു.എ.ഇയിലെ പല ഭാഗങ്ങളിലും ശക്തമായ മഴയും ആലിപ്പഴവർഷവും ഉണ്ടായി. ഷാർജയിലെ അൽ മദാമിലേക്കു പോകുന്ന ശൈഖ് ഖലീഫ ബിൻ സായിദ് റോഡിൽ വൈകീട്ട് 4.30ഓടെയാണ് കനത്ത ആലിപ്പഴ വർഷമുണ്ടായത്. അൽ റുവൈദ, അൽ ഫയാ, അൽ ബഹായസ് മേഖലകളിലും ആലിപ്പഴം വർഷിച്ചതായി റിപ്പോർട്ടുണ്ട്. അൽ മാദമിലെ മരുഭൂമിയിലും റോഡുകളിലും ആലിപ്പഴം വീഴുന്ന വിഡിയോ ദൃശ്യങ്ങളും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) എക്‌സ്.കോമിൽ (ട്വിറ്റർ) പങ്കുവെച്ചിട്ടുണ്ട്.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഷാർജ എമിറേറ്റിലെ ചിലയിടങ്ങളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച്, യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. വൈകീട്ട് 3.15 മുതൽ രാത്രി എട്ടു വരെ പുറത്തിറങ്ങുമ്പോൾ ജാഗ്രത പുലർത്തണമെന്നും അതോറിറ്റി നിർദേശിച്ചു. അൽഐനിലെ അൽ ശുഹൈബ് മേഖലകളിലാണ് ശക്തമായ മഴ ലഭിച്ചത്. അൽഐനിലെ ചില മേഖലകളിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ നേരിയ മഴക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിച്ചിരുന്നു.

ശക്തമായ മഴയുടെ സാഹചര്യത്തിൽ റോഡിലെ കാഴ്ച മങ്ങാനുള്ള സാധ്യതയുള്ളതിനാൽ വാഹനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ആധികാരിക കേന്ദ്രങ്ങളിൽനിന്നുള്ള മുന്നറിയിപ്പുകളും നിർദേശങ്ങളും സ്വീകരിക്കണമെന്നും കിംവദന്തികൾ പരത്തരുതെന്നും എൻ.എം.സി അഭ്യർഥിച്ചു. അതേസമയം, കനത്ത ചൂടിന് ആശ്വാസമായെത്തിയ മഴ ആസ്വദിക്കാനും നിരവധി പേർ നിരത്തുകളിൽ ഒത്തുകൂടിയിരുന്നു.