ആത്മാഭിമാനത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ല; തുറന്ന കോടതിയിൽ രാജിവെച്ച് ബോംബെ ഹൈക്കോടതി ജഡ്ജി

0
89

തുറന്ന കോടതിയിൽ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ച് ഹൈക്കോടതി ജഡ്ജി. ബോംബെ ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് രോഹിത് ദിയോയാണ് തുറന്ന് കോടതിയിൽ രാജിവെച്ചത്. നാഗ്പൂർ ബെഞ്ചിലെ മുതിർന്ന രണ്ടാമത്തെ ജഡ്ജിയാണ് ജസ്റ്റിസ് രോഹിത് ദിയോ. വ്യാഴാഴ്ച പകൽ 12 മണിക്ക് ജസ്റ്റിസ് എം ഡബ്ല്യു ചാന്ദ്വാനിക്കൊപ്പം ഡിവിഷൻ ബെഞ്ചിന്റെ അധ്യക്ഷനായ അദ്ദേഹം ഇന്ന് കേൾക്കാനിരുന്ന കേസുകൾ ഡിസ്ചാർ‍‍ജ് ചെയ്തതായി അറിയിച്ചശേഷം രാജി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് ‘ബാർ ആൻഡ് ബെഞ്ച്’ റിപ്പോർട്ട് ചെയ്‌തു. ആത്മാഭിമാനത്തിനെതിരായി പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് തുറന്ന കോടതിയിൽ പറഞ്ഞായിരുന്നു രാജി പ്രഖ്യാപനമെന്ന് ഈ സമയം കോടതിയിലുണ്ടായിരുന്ന അഭിഭാഷകർ പറഞ്ഞു.
തനിക്ക് ആരോടും വിരോധമില്ലെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചില അവസരങ്ങളിൽ കണിശമായി പെരുമാറിയതിന് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം അഭിഭാഷകരോട് പറഞ്ഞു. “കോടതിയിൽ ഹാജരായ നിങ്ങളോരോരുത്തരോടും ഞാൻ ക്ഷമ ചോദിക്കുന്നു. നിങ്ങൾ നന്നാവണം എന്നാഗ്രഹിച്ചതുകൊണ്ടാണ് ഞാൻ നിങ്ങളെ ശകാരിച്ചത്. നിങ്ങളിൽ ആരെയും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം നിങ്ങളെല്ലാവരും എനിക്ക് ഒരു കുടുംബം പോലെയാണ്, ഞാൻ രാജി സമർപ്പിച്ചുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ വിഷമമുണ്ട്. എന്റെ ആത്മാഭിമാനത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ എനിക്ക് കഴിയില്ല. നിങ്ങൾ, അഭിഭാഷകർ കഠിനാധ്വാനം ചെയ്യുന്നു”. ഇങ്ങനെയായിരുന്നു ജസ്റ്റിസിന്റെ വാക്കുകളെന്ന് അഭിഭാഷകർ പറഞ്ഞു.
മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച കേസിൽ ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി എൻ സായിബാബയേയും മറ്റ് അഞ്ച് പേരെയും ജസ്റ്റിസ് രോഹിത് ബി ദിയോയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് വെറുതെവിട്ടിരുന്നു. യു എ പി എ പ്രകാരമുള്ള കുറ്റങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയും ഗഡ്ചിറോളി കോടതിയിലെ വിചാരണ നടപടികൾ അസാധുവാക്കിയുമാണ് പ്രൊഫ. ജി എൻ സായിബാബയുടെ ശിക്ഷ ജസ്റ്റിസ് ദിയോ അടങ്ങിയ ബെഞ്ച് റദ്ദാക്കിയത്. ജസ്റ്റിസ് രോഹിത് ബി ദിയോയും ജസ്റ്റിസ് അനിൽ പൻസാരെയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചായിരുന്നു വിധി പുറപ്പെടുവിച്ചത്. ഈ വിധി പിന്നീട് സുപ്രീംകോടതി റദ്ദാക്കി. വിഷയം മറ്റൊരു ബെഞ്ച് പരിഗണിക്കണമെന്ന് വ്യക്തമാക്കി ഹൈക്കോടതിയിലേക്ക് മാറ്റി.
സമൃദ്ധി എക്‌സ്പ്രസ് വേയുടെ കരാറുകാർക്കെതിരായ ശിക്ഷാ നടപടികൾ റദ്ദാക്കാൻ മഹാരാഷ്ട്ര സർക്കാരിന് അധികാരം നൽകുന്ന പ്രമേയം സ്റ്റേ ചെയ്ത ജസ്റ്റിസ് ദിയോയുടെ ഉത്തരവും ഏറെ ചർച്ചയായി.
1963 ഡിസംബർ 5 ന് ജനിച്ച ജസ്റ്റിസ് ദേവ്, 2017 ജൂണിൽ ഹൈക്കോടതി ജഡ്ജിയാകുന്നതിന് മുമ്പ് മഹാരാഷ്ട്രയുടെ അഡ്വക്കേറ്റ് ജനറലായി സേവനമനുഷ്ഠിച്ചു. 2017 ജൂൺ 5ന് ബോംബെ ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് ദിയോ 2019 ഏപ്രിൽ 12നാണ് സ്ഥിരം ജഡ്ജിയായി നിയമിതനായത്. 2025 ഡിസംബർ നാല് വരെ അദ്ദേഹത്തിന് സർവീസ് ബാക്കിയുണ്ടായിരുന്നു.