എബിവിപിയിൽ അം​ഗത്വമെടുത്തില്ല ; തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയുടെ വീട് എ ബി വി പിക്കാർ ആക്രമിച്ച് തകർത്തു, വാഹനങ്ങളും തല്ലിപ്പൊളിച്ചു

0
178

കോളേജിൽ പഠിക്കുന്ന മകൾ എബിവിപിക്കാർക്ക് പിരിവ് നൽകാത്തതിന് റിട്ട. എസ് ഐയുടെ വീടും വാഹനങ്ങളും എബിവിപിക്കാർ ആക്രമിച്ച് തകർത്തു. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഘടിച്ചെത്തിയ എബിവിപി പ്രവർത്തകർ തിരുവനന്തപുരം അമരവിളയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. റിട്ട. എസ് ഐ അനിൽകുമാറിന്റെ വീട് അടിച്ചു തകർത്തു. അക്രമികൾ അനിൽകുമാറിനെയും കുടുംബത്തെയും അസഭ്യം പറയുകയും വീടിന് മുന്നിൽ നിർത്തിയിട്ട കാർ തല്ലിപ്പൊളിക്കുകയും ചെയ്തു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളും എബിവിപിക്കാർ നശിപ്പിച്ചു. മരകായുധങ്ങളുമായിട്ടായിരുന്നു ആക്രമണം.

അനിൽകുമാറിന്റെ മകൾ ധനുവച്ചപുരം കോളേജിലാണ് പഠിക്കുന്നത്. മകൾ എബിവിപിയിൽ അം​ഗത്വമെടുക്കാൻ വിസമ്മതിച്ചതാണ് അക്രമത്തിന് കാരണം. ഇതിനുപുറമെ, ചോദിച്ച പിരിവ് നൽകാത്തതും എ ബി വി പിക്കാരെ പ്രകോപിപ്പിച്ചു. കോളേജിൽ വച്ച് മകൾ എ ബി വി പി പ്രവർത്തകർക്ക് പിരിവ് നൽകിയില്ലെന്നും അവർ വിളിച്ചപ്പോൾ പ്രകടനത്തിൽ പങ്കെടുത്തില്ലെന്നും അനിൽകുമാർ പറഞ്ഞു. ഇവിടെ പലപ്പോഴും എ ബി വി പിക്കാർ പണപ്പിരിവ് നടത്താറുണ്ട്. പിരിവ് നൽകാത്തതിന് വിദ്യാർത്ഥിനിയെ ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ധനുവച്ചപുരം കോളേജിൽ പഠിക്കുന്ന മകളും എ ബി വി പി പ്രവർത്തകരും തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായാണ് വീട് തല്ലിപ്പൊളിച്ചതെന്നാണ് അനിൽകുമാർ ആരോപിക്കുന്നത്. കോളജിൽ വച്ച് നിന്റെ അച്ഛൻ റിട്ടയർ ചെയ്തോയെന്ന് മകളോട് എ ബി വി പി പ്രവർത്തകർ പലപ്പോഴും ചോദിച്ചിട്ടുണ്ടെന്നും ഈ ദേഷ്യമാണ് ആക്രമണത്തിന് കാരണമെന്നും അനിൽകുമാർ ആരോപിച്ചു.