മിണ്ടാതിരുന്നില്ലെങ്കിൽ ഇഡി നിങ്ങളുടെ വീട്ടിലെത്തും; ലോക്സഭയിൽ പ്രതിപക്ഷത്തിന് കേന്ദ്രമന്ത്രിയുടെ ഭീഷണി

0
212

ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. ഡൽഹി സർവീസ് ബില്ലിന്മേലുള്ള ചർച്ചയ്‌ക്കിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പ്രതിപക്ഷ എംപിയോട് മിണ്ടാതിരിക്കണമെന്നും അല്ലാത്തപക്ഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ സന്ദർശനത്തെ അഭിമുഖീകരിക്കണമെന്നുമായിരുന്നു മീനാക്ഷി ലേഖിയുടെ പരാമർശം.

ലോക്‌സഭയിൽ ബില്ലിന്മേലുള്ള ചർച്ചയ്‌ക്കിടെ പ്രതിപക്ഷം കടുത്ത എതിർപ്പ് ഉന്നയിച്ചിരുന്നു. ഇതിനിടെയായിരുന്നു മന്ത്രിയുടെ ഭീഷണിപ്പെടുത്തൽ. ‘‘ഏക് മിനിറ്റ്.. ഏക് മിനിറ്റ്. ശാന്ത് രഹോ, തുംഹാരേ ഘർ ന ഇഡി ആ ജായേ (ഒരു മിനിറ്റ്. മിണ്ടാതിരിക്കൂ. അല്ലെങ്കിൽ ഇഡി നിങ്ങളുടെ വീട്ടിൽ എത്തിയേക്കാം)’’– അവര്‍ പറഞ്ഞു.

കേന്ദ്ര ഏജൻസികളെ ഉന്നയിച്ച്‌ പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്ന ആരോപണം ശരിവയ്‌ക്കുന്നതാണ്‌ മന്ത്രിയുടെ പരാമർശമെന്ന്‌ പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.