ഇരട്ടക്കൊലയിൽ നടുങ്ങി നാട്; പരുമലയിൽ അച്ഛനമ്മമാരെ വെട്ടിക്കൊന്ന മകൻ കസ്റ്റഡിയിൽ

0
135

തിരുവല്ല: പത്തനംതിട്ടയിൽ മാതാപിതാക്കളെ വെട്ടിക്കൊന്ന മകൻ കസ്റ്റഡിയിൽ. പരുമല നാക്കട ആശാരിപ്പറമ്പിൽ കൃഷ്ണൻകുട്ടി (72), ഭാര്യ ഭാർഗവി (70) എന്നിവരെ വെട്ടിക്കൊന്ന സംഭവത്തിൽ മകൻ അനിലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് അച്ഛനെയും അമ്മയെയും വീട്ടിനകത്തിട്ട് അനിൽ വെട്ടിക്കൊന്നത്. ഗുരുതര പരിക്കേറ്റ ഇരുവരും തൽക്ഷണം മരിച്ചെവെന്നാണ് പൊലീസ് പറയുന്നത്.

കൃഷ്‌ണൻകുട്ടിയുടെ വീട്ടിൽനിന്നും ബഹളവും അലർച്ചയും കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും അനിൽ കൊടുവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പരുമല പൊലീസ് സ്ഥലത്തെത്തി അനിലിനെ കീഴ്പ്പെടുത്തി. കൃഷ്ണന്കുട്ടിയെയും ഭാർഗവിയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി കോട്ടയത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നാടിനെ നടുക്കിയ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. അനിൽ ലഹരിക്ക് അടിമയാണെന്ന് ആരോപണമുണ്ട്. ഇക്കാര്യം നാട്ടുകാരും പറയുന്നു. സംഭവത്തിൽ വിശദ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. അനിലിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്.