ഷാജൻ സ്കറിയയെ അറസ്റ്റ്‌ ചെയ്യണം; പട്ടത്തെ മറുനാടൻ മലയാളി ഓഫീസിലേക്ക്‌ വെള്ളിയാഴ്ച യൂത്ത്‌ മൂവ്‌മെന്റ്‌ യൂണിയൻ മാർച്ച്

0
170

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിരന്തരം അപകീർത്തികരമായ വീഡിയോകൾ പ്രചരിപ്പിക്കുന്ന മറുനാടൻ ഷാജൻ സ്കറിയയെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച മറുനാടൻ മലയാളി ഓഫീസിലേക്ക്‌ യൂത്ത്‌ മൂവ്‌മെന്റ്‌ യൂണിയൻ കമ്മിറ്റി മാർച്ച് നടത്തും. പട്ടത്തെ മറുനാടൻ മലയാളി ഓഫീസിലേക്കാണ് വൈകിട്ട് നാലിന് തിരുവനന്തപുരം ജില്ലയിലെ അഞ്ച്‌ യൂത്ത്‌ മൂവ്‌മെന്റ്‌ യൂണിയൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ നടത്തുക. എസ്‌എൻഡിപി യോഗത്തിന്റെ ഔദ്യോഗിക ഭാരവാഹികൾ മാർച്ചിൽ പങ്കെടുക്കും.

വെള്ളാപ്പള്ളി നടേശൻ അടക്കം എസ്എൻഡിപി യോഗം നേതാക്കൾക്കെതിരെ കുറെ മാസങ്ങളായി മറുനാടൻ മലയാളി വ്യാജ വാർത്തകൾ നിരന്തരം കൊടുത്തിരുന്നു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ വാർത്ത നൽകിയതിനെതിരെ നിയമ നടപടി കൈക്കൊള്ളാൻ എസ്എൻഡിപി തീരുമാനിച്ചിട്ടുണ്ട്. ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി മാരാരിക്കുളം പോലീസ് സ്റ്റേഷനിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷനിലും എസ്എൻഡിപി പരാതി നൽകിയിട്ടുണ്ട്. ബുധനാഴ്ച പത്തനാപുരം അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്റ്റേഷനുകളിൽ എസ്എൻഡിപി യോ​ഗം പരാതി കൊടുത്തുകഴിഞ്ഞു. നാൽപതോളം പരാതികൾ വിവിധ സ്റ്റേഷനുകളിലായി നൽകിയെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ ജാമ്യത്തിൽ കഴിയുന്ന ഷാജൻ സ്കറിയക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മതസ്പർധ വളർത്തുന്ന വാർത്ത കൊടുത്തതിന് ഷാജനെതിരെ നിലമ്പൂർ പൊലീസ് ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുത്തിരുന്നു. ഏറ്റവുമൊടുവിൽ തിരുവനന്തപുരം സൈബർ ക്രൈം പോലീസ് ഔദ്യോ​ഗിക രഹസ്യ നിയമം, ഐടി ആക്ട്, ടെല​ഗ്രാഫ് ആക്ട് എന്നീ വകുപ്പുകൾ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന ​ഗുരുതരമായ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പോലീസ് ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുത്തിരിക്കുന്നത്.