ഇവനൊക്കെ കാണ്ടാമൃഗത്തേക്കാള്‍ തൊലിക്കട്ടി’; വർഗീയപരാമർശവുമായി കെ സുരേന്ദ്രൻ

0
316

മിത്ത് വിവാദത്തില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിന് എതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അധിക്ഷേപ പരാമര്‍ശങ്ങളോടെയാണ് കെ സുരേന്ദ്രന്‍ ഷംസീറിനെതിരെ രംഗത്തെത്തിയത്. ഗണപതി മിത്താണെന്ന് പറയുന്ന ഷംസീര്‍ ഇസ്ലാമിക വിശ്വാസങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറല്ല. 30 ദിവസം നോമ്പെടുക്കുന്ന എല്ലാ വെള്ളിയാഴ്ചയും പള്ളിയില്‍ പോകുന്ന ഷംസീര്‍ ഹിന്ദുക്കളെ അധിക്ഷേപിക്കുന്നു എന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന സമിതി യോഗത്തില്‍ ആയിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

മതഭീകരവാദ ശക്തികളെ പ്രോത്സാഹിപ്പിക്കാനുമുള്ള സർക്കാരിന്റെ അജണ്ടയുടെ ഭാഗമായിട്ടുള്ള നടപടിയാണ് ഷംസീറിന്റെ ഗണപതി അധിക്ഷേപം. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കുന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യമാണ്. ഒരു വിഭാഗത്തെ ആക്ഷേപിക്കാനും മതമൗലികവാദികളുടെ ഗുഡ് സർട്ടിഫിക്കറ്റ് നേടാനുമാണ് സർക്കാർ സമാധനപരമായ പ്രതിഷേധത്തിനെതിരെ കേസെടുത്തിരിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. സർക്കാർ മനപൂർവ്വം കള്ളക്കേസെടുത്ത് അടിച്ചമർത്താമെന്ന ധാരണയിലാണ് എന്നും കെ സുരേന്ദ്രൻ പറഞ്ഞു.

‘ശാസ്ത്രത്തിനുപകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു’; സ്പീക്കര്‍ പറഞ്ഞതെന്ത്? സംഘപരിവാറും എൻഎസ്എസും കേട്ടതെന്ത്?
യുക്തിവാദികള്‍ മതവിമര്‍ശനം നടത്തിയാല്‍ ബിജെപിക്ക് പരാതിയില്ല. സ്വന്തം മതാചാരങ്ങള്‍ എല്ലാം കൃത്യമായി അനുഷ്ഠിച്ച് ഹിന്ദുക്കളെ ആക്ഷേപിക്കുകയാണ് സ്പീക്കര്‍ ചെയ്തത്. നാഴികയ്ക്ക് നാല്‍പ്പത് വട്ടം മൗലൂത് നടത്തുന്ന ആള്‍ക്കാരുടെ ഒപ്പം പോയിരിക്കുന്ന ഷംസീര്‍ ഞങ്ങടെ ഗണപതിയെ ആക്ഷേപിക്കാന്‍ വരണ്ട. വിഘ്‌നേശ്വരന്റെ വിശ്വാസം സംരക്ഷിക്കാന്‍ കേരളത്തിലെ അമ്മമാര്‍ രംഗത്തിറങ്ങേണ്ട സമയമായി. ശബരിമല വിഷയത്തിന് സമാനമായ സംഭവമാണിതെന്നും മഹിളാമോര്‍ച്ച സംസ്ഥാന സമിതി യോഗത്തില്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.