ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ കനത്ത മഴ. തലസ്ഥാനത്തും സമീപപ്രദേശങ്ങളിലും കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ 21 പേർ മരിച്ചു. ഡോക്‌സുരി ചുഴലിക്കാറ്റിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ശക്തമായ മഴ തുടങ്ങിയത്. ജൂലൈയിൽ ആകെ ലഭിക്കേണ്ട മഴ 40 മണിക്കൂർകൊണ്ട് പെയ്‌തു.
ബീജിങ്ങിന് ചുറ്റുമുള്ള ഹെബെയ് പ്രവിശ്യയിൽ ഏകദേശം 850,000 ആളുകളെ മാറ്റിപ്പാർപ്പിച്ചു. 26 പേരെ കാണാതായിട്ടുണ്ട്. നിരവധി റോഡുകളും കെട്ടിടങ്ങളും തകർന്നു. ബുധനാലാഴ്ചവരെ നഗരത്തിൽ 744.8 മില്ലിമീറ്റർ മഴ പെയ്‌തു. 140 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ പ്രസിഡന്റ് ഷി ജിൻ പിങ് അധികൃതരോട് നിർദേശിച്ചിട്ടുണ്ട്.