ഗ്യാന്‍വാപി മസ്ജിദിൽ ആർക്കിയോളജിക്കൽ സർവെയ്ക്ക് അനുമതി; വാരാണസി കോടതിയുടെ ഉത്തരവ് ശരിവച്ച് അലഹബാദ് ഹൈക്കോടതി

0
141

ഗ്യാന്‍വാപി മസ്ജിദിൽ ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്ക്ക് അനുമതി നല്‍കിയ വാരാണസി കോടതിയുടെ ഉത്തരവ് ശരിവച്ച് അലഹബാദ് ഹൈക്കോടതി. വാരാണസി കോടതി വിധി ചോദ്യം ചെയ്ത് അന്‍ജുമാന്‍ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളി. നീതി നടപ്പിലാക്കാൻ ശാസ്ത്രീയ പരിശോധന അനിവാര്യമെന്ന നിരീക്ഷണത്തോടെയാണ് സർവേക്ക് അനുമതി നൽകിയത്. ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാകർ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് സർവേ നടത്താമെന്ന വരാണസി കോടതിയുടെ വിധി ചോദ്യം ചെയ്ത് അന്‍ജുമന്‍ പള്ളി ഭരണസമിതി നല്‍കിയ ഹര്‍ജിയില്‍ ജൂലൈ 25ന് അലഹബാദ് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചിരുന്നു. മസ്ജിദ് ഭരണസമിതിക്ക് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനുള്ള സാവകാശം നൽകാനായിരുന്നു സ്‌റ്റേ.

ഹിന്ദു ക്ഷേത്രമുണ്ടായിരുന്നയിടത്ത് പള്ളി പണിതതെന്ന് അവകാശപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് വാരാണസി ജില്ലാ കോടതി എഎസ്‌ഐ സര്‍വേയ്ക്ക് അനുമതി നല്‍കിയത്. എന്നാല്‍ ഇതിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. ഒരു ദിവസത്തേക്ക് സര്‍വേയ്ക്ക് സ്റ്റേ ഏര്‍പ്പെടുത്തിയ സുപ്രീംകോടതി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനും നിര്‍ദേശം നല്‍കി. ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ സര്‍വേ പള്ളിക്കെട്ടിടത്തിനു കേടു വരുത്തും എന്നായിരുന്നു കമ്മിറ്റിയുടെ വാദം.

അതേസമയം ഗ്യാന്‍വാപി പള്ളിയില്‍ ഹൈന്ദവ വിശ്വാസപ്രകാരമുള്ള ആരാധനയ്ക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം തുടരും. ഹര്‍ജി കേള്‍ക്കരുതെന്ന പള്ളിക്കമ്മിറ്റിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പള്ളിയില്‍ ആരാധനയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് 2021 ലാണ് അഞ്ച് സ്ത്രീകള്‍ വാരണാസി ജില്ലാ കോടതിയെ സമീപിച്ചത്.