എം ശിവശങ്കര്‍ ജയില്‍ മോചിതനായി, ജാമ്യം രണ്ട് മാസത്തേക്ക്

0
175

സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയ എം ശിവശങ്കര്‍ ജയില്‍ മോചിതനായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ശേഷമാണ് കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് ശിവശങ്കര്‍ പുറത്തിറങ്ങിയത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് രണ്ട് മാസത്തേക്ക് ശിവശങ്കര്‍ ജാമ്യം നേടിയത്. ജയിൽ നിന്നും ചികിത്സയ്ക്കായി കൊണ്ട് പോകാൻ ശിവശങ്കറിന്‍റെ കുടുംബം എത്തിയിരുന്നു.

ഇഡി രജിസ്റ്റർ ചെയ്ത ലൈഫ് മിഷൻ കോഴ കേസിൽ ഒന്നാം പ്രതിയായ എം ശിവശങ്കർ ഫെബ്രുവരി 14 മുതൽ റിമാൻഡിലാണ്. സുപ്രീം കോടതി ഉത്തരവിന് പുറമെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലെ പ്രൊഡക്ഷൻ വാറണ്ട് പിൻവലിച്ചുള്ള സെഷൻസ് കോടതി ഉത്തരവ് ജയിലിൽ ലഭിച്ച ശേഷം ഉച്ചക്ക് 2.30 മണിയോടെ ആണ് ശിവശങ്കർ ജയിൽ മോചിതനായത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ലൈഫ് മിഷന്‍ കോഴക്കേസില്‍ പ്രതിയായ എം ശിവശങ്കര്‍ അഞ്ച് മാസത്തിലധികമായി ജയിലിലായിരുന്നു. ചികിത്സ തേടുന്ന ആശുപത്രി പരിസരം വിട്ട് പോകരുതെന്നാണ് സുപ്രീംകോടതിയുടെ ജാമ്യവ്യവസ്ഥ. ലൈഫ് മിഷൻ കേസിൽ ഒന്നാം പ്രതിയാണ് ശിവശങ്കർ. ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കഴിഞ്ഞ മാസം അവസാനം കൊച്ചിയിലെ വിചാരണ കോടതി തള്ളിയിരുന്നു. നട്ടെലിന് ശസ്ത്രക്രിയ വേണമെന്നും ജാമ്യം അനുവദിക്കണമെന്നും ശിവശങ്കരന്റെ അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടു.ജാമ്യവ്യവസ്ഥ ദുരുപയോഗിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി പറഞ്ഞു.

സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലെെഫ് മിഷൻ പദ്ധതിക്കായി ശിവശങ്കരന് കോഴ നൽകിയെന്ന കേസിലാണ് തടവിലുള്ളത്. ഈ കോഴപണമാണ് സ്വപ്ന സുരേഷിന്റെ ലോക്കറിൽനിന്നും കണ്ടെടുത്തതെന്നും ഇ ഡി പറയുന്നു.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് ശിവശങ്കർ സുപ്രീം കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നത്. യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും സരിത്തുമടക്കമുള്ള യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരാണ്. യൂണിടാക്കിനെ തെരഞ്ഞെടുത്തത് യു എ ഇ കോൺസുലേറ്റാണ്. തനിക്കും സംസ്ഥാന സർക്കാരിനും ഇതിൽ പങ്കില്ലെന്നും ശിവശങ്കർ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.