മോൺസണ്‍ മാവുങ്കൽ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഡ്രൈവര്‍ കണ്ണൂർ പള്ളിക്കുന്ന് സ്വദേശി വിപിന്‍ മോഹനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. വ്യാഴഴ്ച രാവിലെയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.
മോൺസണ്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയായ കെ സുധാകരനെ മോൺസണിന്റെ കലൂരിലെ വീട്ടില്‍ പലപ്പോഴായി എത്തിച്ചത് വിപിന്‍ മോഹനാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പന്ത്രണ്ട് തവണയിലധികം കെ സുധാകരന്‍ മോൺസണുമായി കൂടിക്കാഴ്ച നടത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ മോന്‍സണുമായുള്ള കൂടിക്കാഴ്ചയ്ക്കായി കെ സുധാകരനെ എത്തിച്ചതും വിപിന്‍ മോഹന്‍ ആയിരുന്നു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് വിപിന്‍ മോഹനനെ ചോദ്യം ചെയ്യുന്നത്.
നോട്ടീസിലെ നിര്‍ദേശപ്രകാരം 11.30 ഓടെ വിപിന്‍ മോഹന്‍ കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി. കെ സുധാകരനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനാണ് തന്നെ വിളിപ്പിച്ചതെന്നാണ് മനസിലാക്കുന്നതെന്ന് വിപിന്‍ മോഹന്‍ പ്രതികരിച്ചിരുന്നു.
അതിനിടെ കേസിലെ മൂന്നാം പ്രതി ഐ ജി ലക്ഷ്മണയ്ക്ക് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് അയച്ചു. 11ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടിയാണ് നോട്ടീസ് അയച്ചത്. നേരത്തെ ഐ ജി ലക്ഷ്മണയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചുവെങ്കിലും ആരോഗ്യകാരണങ്ങൾ പറഞ്ഞ് ലക്ഷ്മണ ചോദ്യം ചെയ്യലിന് ഹാജരായില്ല. തുടർന്നാണ് വീണ്ടും നോട്ടീസ് അയച്ചത്. പോക്‌സോ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മോന്‍സണ്‍ മാവുങ്കലിനെ കൂടാതെ കെ സുധാകരൻ, മുൻ ഡിഐജി എസ് സുരേന്ദ്രൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
കേസിൽ കെ സുധാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനും യൂത്ത് കോൺഗ്രസ് നേതാവുമായ എബിൻ എബ്രഹാമിനോട് എട്ടാം തീയതി ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. എബിനെ അഞ്ചാംപ്രതിയാക്കി കഴിഞ്ഞ ദിവസമാണ് എസിജെഎം കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. എബിന്റെ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മോൺസണിന്റെ ജീവനക്കാരുടെ അക്കൗണ്ടിൽനിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് പണം നൽകിയതിന്റെ രേഖകളടക്കം ലഭിച്ചിട്ടുണ്ട്. 25 ലക്ഷം രൂപ ഇയാൾ കൈപ്പറ്റിയെന്നാണ് പരാതിക്കാരുടെ ആരോപണം. കേസിൽനിന്ന് കെ സുധാകരന്റെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എബിൻ പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കെ സുധാകരന്റെ പിഎ എന്നാണ് എബിൻ പരാതിക്കാരോട് പറഞ്ഞിരുന്നത്. ഐജിക്കെതിരെയും നിർണായക തെളിവുകൾ ലഭിച്ചതായാണ് വിവരം.