18 വർഷത്തെ ദാമ്പത്യം; കനേഡിയൻ പ്രധാനമന്ത്രിയും ഭാര്യയും വേർപിരിയുന്നു

0
218

18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വേർപിരിയാൻ തീരുമാനിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഭാര്യ സോഫി ഗ്രിഗോയർ ട്രൂഡോയും. സോഷ്യൽമീഡിയയിലൂടെയാണ് വേർപിരിയുന്നതായി ജസ്റ്റിൻ ട്രൂഡോ അറിയിച്ചത്. ദീർഘനാളത്തെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് വേർപിരിയൽ തീരുമാനത്തിലെത്തിയതെന്നും ട്രൂഡോ അറിയിച്ചു.

‘നിരവധി ചർച്ചകൾക്കൊടുവിൽ സോഫിയും ഞാനും വേർപിരിയാൻ തീരുമാനിച്ചിരിക്കുകയാണ്. മുൻപത്തെ പോലെ അഗാധമായ സ്നേഹത്തോടെയും പരസ്പരബഹുമാനത്തോടെയും ഒരു കുടുംബം പോലെ തന്നെ ഞങ്ങൾ മുന്നോട്ട് പോകും. കുട്ടികളുടെ ഭാവി ഓർത്ത് അവരുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു,’ എന്നും ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.
51 കാരനായ ട്രൂഡോയും 48 കാരനായ ഗ്രിഗോയർ ട്രൂഡോയും 2005 മേയിലാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷമാണ് ട്രൂഡോ പ്രധാനമന്ത്രിയായി. ഇതോടെ ദമ്പതികൾ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി. 48കാരിയായ സോഫി മുൻ മോഡലും ടിവി അവതാരകയുമാണ്.ഇരുവർക്കും 15, 14, ഒമ്പത് വയസുള്ള മൂന്ന് കുട്ടികളുണ്ട്. കുട്ടിക്കാലത്ത് തന്നെ ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നു. ജസ്റ്റിൻ ട്രൂഡോയുടെ ഇളയ സഹോദരൻ മിഷേലിന്റെ സഹപാഠിയായിരുന്നു സോഫി. 2003ൽ കണ്ടുമുട്ടിയ ഇവർ പിന്നീട് പ്രണയബദ്ധരായി.

അധികാരത്തിലിരിക്കെ വേർപിരിയൽ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ കനേഡിയൻ പ്രധാനമന്ത്രിയാണ് ജസ്റ്റിൻ ട്രൂഡോ. ജസ്റ്റിൻ ട്രൂഡോയുടെ പിതാവ് പിയറി ട്രൂഡോയും അമ്മ മാർഗരറ്റ് ട്രൂഡോയും വേർപിരിയുന്നത് പിയറി പ്രധാനമന്ത്രിയായിരിക്കെയായിരുന്നു.