ഷംസീറിനെതിരെ ഹിന്ദുസമുദായത്തെ ഇറക്കും; മുപ്പത് നോമ്പെടുക്കുന്ന, എല്ലാ വെള്ളിയാഴ്ചയും പള്ളിയിൽ പോകുന്നയാളാണ് ഷംസീറെന്ന് സുരേന്ദ്രൻ

0
208

കോഴിക്കോട്‌: സ്പീക്കർ എ എൻ ഷംസീറിനെതിരെ കടുത്ത വർഗീയ പരാമർശം നടത്തിയും മുസ്ലിം മതവിശ്വാസികളെയാകെ ആക്ഷേപിച്ചും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഹിന്ദു മതത്തെ ആക്ഷേപിക്കുന്ന ഷംസീർ ഇസ്ലാം മതത്തെപ്പറ്റി പുകഴ്ത്തുന്നുവെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. സ്‌പീക്കർ എ എൻ ഷംസീറിനെതിരെ ഹിന്ദുസമുദായ സംഘടനകളെ യോജിപ്പിച്ച്‌ സമരത്തിനിറങ്ങുമെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ പറഞ്ഞു. നാമജപയാത്രക്കെതിരെ കേസെടുത്തത്‌ അപലപനീയമാണ്‌. സ്‌പീക്കർക്കെതിരെയാണ്‌ കേസെടുക്കേണ്ടത്‌. മുപ്പത് നോമ്പെടുക്കുകയും എല്ലാ വെള്ളിയാഴ്ചയും പള്ളിയിൽ പോവുകയും ചെയ്യുന്ന തികഞ്ഞ മതവിശ്വാസിയായാണ്‌ സ്‌പീക്കർ പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആക്ഷേപിച്ചു.

മതഭീകരവാദ ശക്തികളെ പ്രോത്സാഹിപ്പിക്കാനുമുള്ള സർക്കാരിന്റെ അജണ്ടയുടെ ഭാഗമായിട്ടുള്ള നടപടിയാണ് ഷംസീറിന്റെ ഗണപതി അധിക്ഷേപം. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കുന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യമാണ്. ഒരു വിഭാഗത്തെ ആക്ഷേപിക്കാനും മതമൗലികവാദികളുടെ ഗുഡ് സർട്ടിഫിക്കറ്റ് നേടാനുമാണ് സർക്കാർ സമാധനപരമായ പ്രതിഷേധത്തിനെതിരെ കേസെടുത്തിരിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. സർക്കാർ മനപൂർവ്വം കള്ളക്കേസെടുത്ത് അടിച്ചമർത്താമെന്ന ധാരണയിലാണ്.

ശാസ്ത്ര സത്യങ്ങളും വിശ്വാസങ്ങളും തലനാരിഴ കീറി പരിശോധിക്കാനുള്ള അവകാശമൊന്നും ഷംസീറിനില്ല. ഭരണഘടനപദവിയിലിരിക്കുന്ന എഎൻ ഷംസീറിനെതിരെയാണ് കേസെടുക്കേണ്ടത്. അദ്ദേഹം ഒരു മതത്തെ നിന്ദിക്കുകയും സ്വന്തം മതത്തെ പുകഴ്‌ത്തുകയും ചെയ്യുന്ന പ്രസ്താവനയാണ് നടത്തിയത്. ഇസ്ലാമിന്റെ ആചാരങ്ങളെ കുറിച്ചും മഹത്വത്തെ കുറിച്ചും അതിന്റെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ചും അദ്ദേഹം വാതോരാതെ പുകഴ്‌ത്തുകയാണ്. അതേസമയം, ഹിന്ദു മതത്തെ പരസ്യമായി ആക്ഷേപിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. വിദ്വേഷപ്രസ്താവനയും സമൂഹത്തിൽ കലാപത്തിനുള്ള ആഹ്വാനവും നൽകിയ ഷംസീറിനെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണം എല്ലാ മതങ്ങളിലുമുള്ള ശാസ്ത്ര സത്യങ്ങളെ കുറിച്ച് പറയണം.

ചന്ദ്രനെ കണ്ട് പെരുന്നാൾ ആഘോഷിക്കുന്നവരും ഹൂറിമാരെ കാണാൻ സ്വർഗത്തിലേക്ക് പോകുന്നവരും മിത്ത് ആണോ അല്ലയോ എന്ന് അവർ പറയണം. മുസ്ലീം മതത്തിന്റെ എല്ലാ ആചാരങ്ങളെയും പുകഴ്‌ത്തി ഹിന്ദു ആചാരങ്ങളെ മിത്ത് എന്ന് പറയുന്നിടത്താണ് അഭിപ്രായവ്യത്യാസം. എല്ലാ മതങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമല്ല, മറിച്ച് മറിച്ച് ഇതിന്റെ ശാസ്ത്രം തിരക്കി പോകണമെന്നാണ് പറഞ്ഞതെങ്കിൽ പ്രശ്‌നമില്ല, അതിന് പകരം ഗണപതി മിത്താണ്, അയ്യപ്പൻ കുഴപ്പമാണ്, ഗുരുവായൂരപ്പൻ അവിടെയാണോ ഇരിക്കുന്നത് എന്നൊക്കെ ചോദിക്കുന്നവർ എന്തുകൊണ്ട് മറ്റ് മതങ്ങളിലെ അശാസ്ത്രീയതയെ പറയുന്നില്ലെന്നും സുരേന്ദ്രൻ ചോദിക്കുന്നു.