മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചാനൽ ചർച്ചയിൽ വർഗീയവും വിദ്വേഷവും നിറഞ്ഞ പരാമർശം നടത്തി ബി ജെപി നേതാവ്. മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ബിജെപി വക്താവുമായ ബി രാധാകൃഷ്ണ മേനോനാണ് മുഖ്യമന്ത്രിക്കെതിരെ ന്യൂസ് 18 നടത്തിയ ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയത്. ‘മുഖ്യമന്ത്രിയുടെ മകളെ മരുമകന് കൊടുത്തതുപോലെ ഇവിടുത്തെ പ്രജകളെയും ഒരു വിഭാഗത്തിന് കൊടുക്കാനുള്ള പ്രത്യേക പരിപാടിയാണെന്നായിരുന്നു” രാധാകൃഷ്ണ മേനോന്റെ വിദ്വേഷ പരാമർശം. മിത്ത് വിവാദത്തിലെ രാഷ്ട്രീയം എന്ന വിഷയത്തിലായിരുന്നു ചർച്ച. ചർച്ചയിലുടനീളം വർഗീയ പരാമർശങ്ങളും മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങളുമായിരുന്നു രാധാകൃഷ്ണ മേനോൻ നടത്തിയത്.
തെറ്റ് പറ്റിയെന്ന് ഷംസീർ സമ്മതിച്ചാൽ പ്രശ്നം അവിടെ തീരുമായിരുന്നു. എന്നാൽ, അതല്ല ഉണ്ടായത്. പാർട്ടി സംവിധാനവും സംസ്ഥാന സെക്രട്ടറിയും സിപിഐ എം ഹിഡൻ അജണ്ടയുടെ ഭാഗമായിട്ട് നടത്തുന്നതാണ്. പിണറായി മുഖ്യമന്ത്രിയായശേഷം ഹിന്ദു സമാജത്തിലെ ക്ഷേത്രങ്ങൾ നശിപ്പിക്കുന്നു എന്ന കള്ളപ്രചാരണവും ചാനൽ ചർച്ചയിലിരുന്ന് നടത്തി. വിശ്വാസികളെ ക്ഷേത്രഭരണത്തിൽ വെച്ച് ക്ഷേത്രങ്ങളെയാകെ അട്ടിമറിക്കുന്നു എന്ന കണ്ടെത്തലും രാധാകൃഷ്ണ മേനോന്റെ വകയുണ്ടായി. സംസ്ക്കാരം തൊട്ടുതീണ്ടിയില്ലാത്ത തരത്തിലായിരുന്നു രാധാകൃഷ്ണ മേനോന്റെ പരാമർശം.
രാധാകൃഷ്ണ മേനോന്റെ വിദ്വേഷ പരാമർശത്തിനെതിരെ സിപിഐ എം പ്രതിനിധി കെ ടി കുഞ്ഞിക്കണ്ണനും കോൺഗ്രസ് പ്രതിനിധി വി ജി ഹരിയും കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. പരാമർശം തിരുത്തണമെന്ന് അവതാരകൻ മഞ്ജുഷ് അയഞ്ഞ സമീപനത്തിലൂടെ ആവശ്യപ്പെട്ടതോടെ ആ തരത്തിൽ ഒരു ചർച്ച പൊതുസമൂഹത്തിൽ ഉണ്ടെന്നായി രാധാകൃഷ്ണ മേനോൻ. അതിന്റെ വിശദാംശം വ്യക്തമാക്കണമെന്ന് കെ ടി കുഞ്ഞിക്കണ്ണൻ പറഞ്ഞപ്പോൾ ബിജെപി നേതാവ് പിന്നെയും ഉരുണ്ടുകളിച്ചു. അത്തരത്തിൽ ഒരു ചർച്ചയുണ്ടാകാതെ, അല്ലെങ്കിൽ ധാരണയുണ്ടാകാതെ സൂക്ഷിക്കാൻ ഗവണ്മെന്റിനും മുഖ്യമന്ത്രിക്കും സ്പീക്കർക്കും ബാധ്യതയുണ്ട് എന്നായി. അതിനെതിരെയും പ്രതിഷേധം ഉയർന്നപ്പോൾ അത്തരത്തിൽ ധാരണ, അല്ലെങ്കിൽ ചർച്ച ഉണ്ടാകാതെ നോക്കണം എന്നാണ് പറഞ്ഞതെന്നായി രാധകൃഷ്ണൻ. എന്നിട്ടും വിദ്വേഷായ പരാമർശം തിരുത്താനോ പിൻവലിക്കാനോ രാധാകൃഷ്ണ മേനോൻ തയ്യാറായില്ല. കേരളീയ സമൂഹത്തിൽ വർഗീയത വളർത്താനും ജനങ്ങളെ ഭിന്നിപ്പാക്കാനും ബിജെപി സംസ്ഥാന നേതാക്കൾ തന്നെ സജീവമായി ശ്രമിക്കുന്നു എന്നതിന്റെ തെളിവാണ് രാധാകൃഷ്ണ മേനോന്റെ വിദ്വേഷ പരാമർശം തെളിയിക്കുന്നത്. വർഗീയത വളർത്തി കലാപം ഉണ്ടാക്കാനാണ് രാധാകൃഷ്ണ മേനോൻ അടക്കമുള്ള നേതാക്കൾ ശ്രമിക്കുന്നതെന്നും ഇതുവഴി തെളിഞ്ഞു.
ഇത്തരം വർഗീയ പരാമർശങ്ങൾ കേട്ടിരിക്കാൻ കഴിയില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത സിപിഐ എം പ്രതിനിധി കെ ടി കുഞ്ഞിക്കണ്ണൻ ചൂണ്ടിക്കാട്ടി. ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാം പറ്റില്ല. ബിജെപിയുടെ മൈതാനപ്രസംഗം കേട്ടിരിക്കാനല്ല ചർച്ചയിൽ വന്നിരിക്കുന്നത്. കടുത്ത വർഗീയത നിറഞ്ഞ പരാമർശമാണിത്. ഇത്തരം നിരുത്തരവാദപരമായ ആരോപണം കേട്ടുകൊണ്ട് ചർച്ചയിൽ തുടരാൻ കഴിയില്ലെന്ന് കുഞ്ഞിക്കണ്ണൻ തുറന്നടിച്ചു. തുടർന്ന് അദ്ദേഹം ചർച്ച ബഹിഷ്ക്കരിക്കുകയും ചെയ്തു. ബിജെപി മൈതാനപ്രസംഗം കോൺഗ്രസ് പ്രതിനിധി വി ജി ഹരിയും രാധാകൃഷ്ണ മേനോന്റെ വിദ്വേഷ പരാമർശത്തിനെതിരെ രംഗത്തുവന്നു. നെഗറ്റീവ് പരാമർശമാണിതെന്ന് വി ജി ഹരി പറഞ്ഞു. ആ പരാമർശം ബിജെപി നേതാവ് പിൻവലിക്കണമെന്ന് ഹരി ആവശ്യപ്പെട്ടു.
അവതാരകൻ മഞ്ജുഷ് ആകട്ടെ ഒരുതരം അയഞ്ഞ നിലപാടാണ് വിഷയത്തിൽ സ്വീകരിച്ചത്. താങ്കൾ നേരത്തെയും ഇങ്ങനെ പറഞ്ഞുകേട്ട. അത്തരം പരാമർശം പാടില്ല. പിൻവലിക്കണം എന്ന് കെ ടി അടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്. താങ്കൾക്ക് ആ പരാമർശം പിൻവലിക്കാവുന്നതാണ് എന്നാണ് മഞ്ജുഷ് പറഞ്ഞത്. ചർച്ചയിൽ നിന്നും പിൻവാങ്ങുകയാണെന്ന് കെ ടി അറിയിച്ചപ്പോൾ, കെ ടിക്ക് അത് കേട്ടിരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അത് പിൻവലിച്ചാൽ പോരേയെന്നും മഞ്ജുഷ് ചോദിക്കുന്നു. ഷംസീർ മാപ്പ് പറയണം എന്നാണല്ലോ നിങ്ങളുടെ ആവശ്യമെന്നും മഞ്ജുഷ് കൂട്ടിച്ചേർക്കുന്നു. ഇതോടെ പിടിവള്ളി കിട്ടിയ രാധാകൃഷ്ണ മേനോൻ ഷംസീർ മാപ്പ് പറഞ്ഞില്ലല്ലോ, ഞങ്ങൾ മാത്രം മാപ്പ് പറയണം എന്നത് എന്ത് ന്യായമാണെന്നും തിരിച്ചുചോദിക്കുകയും ചെയ്തു. ഇതോടെ കെ ടി കുഞ്ഞിക്കണ്ണൻ ചർച്ച ബഹിഷ്‌കരിച്ചു.
രാധാകൃഷ്ണന്റെ വിദ്വേഷ പരാമർശത്തിന്റെ പൂർണരൂപം.
“കുട്ടികളെ പ്രബുദ്ധരാക്കാൻ അബദ്ധത്തിൽ പറഞ്ഞതല്ല ഷംസീറിന്റെ പ്രസ്താവന. ഇത് സിപിഎമ്മിന്റെ കൃത്യമായ ഹിഡൻ അജണ്ടയുടെ ഭാഗമാണെന്ന് തന്നെയാണ് സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയും പാർട്ടി സംവിധാനവും ഇതിനെക്കുറിച്ചുള്ള തുടർന്നെടുക്കുന്ന നിലപടുകളിൽ നിന്നും വ്യക്തമാകുന്നത്. കാരണം ഇത് ഷംസീറിന് ഒരു, മഞ്ജുഷ് സൂചിപ്പിച്ച പോലെ ഒരു അബദ്ധം പറ്റിയതാണെന്നോ അല്ലെങ്കിൽ ഒരു തെറ്റ് പറ്റിപ്പോയി എന്ന് പറഞ്ഞുകൊണ്ട് ഈ പ്രശ്നം അവസാനിപ്പിക്കാമായിരുന്നു. പക്ഷെ അതിന് തയ്യാറല്ലാതെ, കൃത്യമായ അജണ്ടയോടുകൂടി പാർട്ടി സംവിധാനം ഇതിനെ കാലങ്ങളായി കേരളത്തിൽ ഹിന്ദു സമാജത്തിലെ ക്ഷേത്രങ്ങൾ തന്നെ നശിപ്പിച്ചുകൊണ്ട്, ക്ഷേത്രഭരണത്തിനു നേതൃത്വം കൊടുക്കാൻ വേണ്ടി വിശ്വാസികളല്ലാത്തവരെ, അവിശ്വാസികളെ അതിന്റെ നേതൃത്വത്തിൽ വെച്ചിട്ടും തലപ്പത്തിരുത്തിയും അവരെ ഉപയോഗിച്ചുകൊണ്ട് വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്നു. ശബരിമല ശാസ്താവിന്റെ മുന്നിൽ പോയി കയ്യും കെട്ടി നിക്കുന്ന മന്ത്രി, ആ ശാസ്താവിനെ ഒന്ന് വണങ്ങാൻ തയ്യാറാകാത്ത മുഖ്യമന്ത്രി. ആ മുഖ്യമന്ത്രിക്ക് ഇന്നിപ്പോ അദ്ദേഹത്തിന്റെ മകളെ മരുമകന് കൊടുത്തതുപോലെ, ഇവിടുത്തെ പ്രജകളെ കൂടി ആ ഒരു പ്രത്യേക വിഭാഗത്തിന് കൊടുക്കാനുള്ള ഒരു ഹിഡൻ അജണ്ടയുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചാൽ, അല്ലെങ്കിൽ ആരെങ്കിലും ആരോപിച്ചാൽ അതിനെ തെറ്റായി വ്യാഖ്യാനിക്കാനോ അല്ലെങ്കിൽ അതിനെ എതിർക്കാനോ പറ്റാത്ത സാഹചര്യം ഇവിടെ രൂപപ്പെട്ടുവന്നിരിക്കുന്നത്”.