ടൈറ്റൻ ദുരന്തം മതിയായില്ല, ഇനി ശുക്രനിലേക്ക്, അതും 1000 പേർ!; പദ്ധതിയുമായി ഓഷ്യൻഗേറ്റ് സഹസ്ഥാപകൻ

0
172

അറ്റ്ലാന്റിക് സമുദ്രത്തിനിടയിൽ ടൈറ്റാനിക് സന്ദർശിക്കാൻ പോയ സംഘത്തിനുണ്ടായ ദുരന്തം നടന്നിട്ട് അധികം ദിവസങ്ങളായിട്ടില്ല. അഞ്ചുപേർ മരിച്ച ‘ടൈറ്റൻ’ ദുരന്തത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് പുതിയ പദ്ധതിയുടെ പ്രഖ്യാപനവുമായെത്തിയിരിക്കുകയാണ് ഓഷ്യൻഗേറ്റ് സഹസ്ഥാപകൻ ഗില്ലർമോ സൊൺലൈൻ. ശുക്രന്റെ അന്തരീക്ഷത്തിലേക്ക് മനുഷ്യരെ അയയ്ക്കാനാണ് ഗില്ലെർമോ സോൺലൈൻ ഇപ്പോൾ ലക്ഷ്യമിടുന്നത്. 2050 ഓടുകൂടി 1000 ആളുകളെ ശുക്രന്റെ അന്തരീക്ഷത്തിൽ താമസിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സൊൺലൈൻ പറഞ്ഞു.

ശുക്രനിൽ ജനങ്ങൾ താമസിക്കുന്നത് തന്റെ ആഗ്രഹമാണെന്നും പദ്ധതി 2050-ഓടെ യാഥാർത്ഥ്യമാക്കുമെന്നും ഗില്ലർമോ ബിസിനസ് ഇൻസൈ‍ഡറിനോട് പറഞ്ഞു. ”ഓഷ്യൻഗേറ്റിനെ മറക്കു, ടൈറ്റനെ മറക്കു, സ്റ്റോക്ടനെ മറക്കു. മാനവികത ഒരു വലിയ വഴിത്തിരിവിന്റെ വക്കിലാണ്. അതിനെ എതിർക്കാതിരിക്കുക. കാരണം ഒരു സ്പീഷിസ് എന്ന നിലയിൽ നമ്മുടെ വളർച്ചയെ അത് ബാധിക്കും”- സൊൺലൈൻ പറഞ്ഞു.

ശുക്രനിൽ മനുഷ്യന് നിലനിൽക്കാൻ കഴിയുന്ന പ്രതലം ഗ്രഹത്തിന്റെ ഉപരിതലത്തിന് 30 മീറ്റർ മുകളിലുണ്ടെന്ന ഗവേഷണം ചൂണ്ടിക്കാട്ടിയാണ് ഓഷ്യൻഗേറ്റ് സഹസ്ഥാപകന്റെ പ്രഖ്യാപനം. അവിടെ താപനിലയും മർദ്ദവും കുറവാണെന്നും അദ്ദേഹം പറയുന്നു.
ശുക്രനിലേക്ക് മനുഷ്യരെ അയയ്ക്കുക ഗില്ലർമോ സൊൺലൈൻ മറ്റൊരു കമ്പനിയായ ഹ്യൂമൻസ്2 വീനസ് ആണ്. ശുക്രനിൽ മനുഷ്യവാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2020-ൽ സൊൺലൈൻ സ്ഥാപിച്ച ഗവേഷണ സ്ഥാപനമാണ് ‘ഹ്യൂമൻസ്2വീനസ്’. ഭൂമിയോട് സമാനമായ ഗുരുത്വാകർഷണം, താപനില തുടങ്ങിയവ അനുകൂല കാര്യങ്ങളാണെന്ന് കമ്പനിയുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു. ജലത്തിന് ദ്രവരൂപത്തിൽ നിലനിൽക്കാൻ അനുകൂലമായ താപനിലയാണ് ഗ്രഹത്തിലേതെന്നും റേഡിയേഷനിൽ നിന്നുള്ള സംരക്ഷണം ഭൂമിയുടേത് പോലെ തന്നെയാണെന്നും ഹ്യൂമൻസ്‍2വീനസ് വെബ്‌സൈറ്റ് പറയുന്നു.

അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴത്തിലേക്ക് യാത്ര തിരിച്ച ടൈറ്റൻ പേടകം ജൂൺ 18നാണ് അപകടത്തിൽപ്പെട്ടത്. യാത്ര തിരിച്ച് ഒന്നേമുക്കാൽ മണിക്കൂറിനുശേഷം പേടകവുമായുള്ള ആശയവിനിമയം മാതൃകപ്പലായ പോളാർ പ്രിൻസിന് നഷ്ടമാകുകയായിരുന്നു. ജൂൺ 18നായിരുന്നു സമുദ്രപേടകം കാണാനില്ലെന്ന റിപ്പോർട്ട് വന്നത്. അഞ്ചുദിവസം വിവിധ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒടുവിൽ ജൂൺ 22ന് അമേരിക്കൻ- കനേഡിയൻ കോസ്റ്റ് ഗാർഡ് അധികൃതർ പേടകം പൊട്ടിത്തെറിച്ചതായി കണ്ടെത്തി. ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരൻ ഷെഹ്‌സാദ ദാവൂദ്, മകൻ സുലേമാൻ, ടൈറ്റൻ പേടകത്തിന്റെ ഉടമകളായ ഓഷ്യൻഗേറ്റ് എക്സ്‌പെഡീഷൻസിന്റെ സിഇഒ സ്റ്റോക്ടൻ റഷ്, മുങ്ങൽവിദഗ്ധൻ പോൾ ഹെന്റി നാർജിയോലെ എന്നിവരായിരുന്നു ടൈറ്റൻ പേടകത്തിലുണ്ടായിരുന്നത്. അഞ്ചുപേരും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.