ഇ ഡിക്ക് തിരിച്ചടി, ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് ഇടക്കാല ജാമ്യം

0
192

ലൈഫ് മിഷൻ കേസിൽ ആറ് മാസമായി ജയിലിൽ കഴിയുന്ന എം ശിവശങ്കറിന് ഇടക്കാല ജാമ്യം. ചികിത്സയ്ക്ക് വേണ്ടി സുപ്രീം കോടതിയാണ് ശിവശങ്കറിന് ഇടക്കാല ജാമ്യം അനുവദിച്ചത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. രണ്ട് മാസത്തേക്കാണ് ജാമ്യം.

ശിവശങ്കറിന്റെ ആരോഗ്യനില മോശമെന്ന് സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത സുപ്രീംകോടതിയെ അറിയിച്ചു. തുടർന്നു മെഡിക്കൽ രേഖകൾ കൂടി പരിശോധിച്ചശേഷമാണ് ജാമ്യം അനുവദിച്ചത്. ജാമ്യക്കാലയളവിൽ ആശുപത്രിയിലും വീട്ടിലുമല്ലാതെ മറ്റൊരിടവും സന്ദർശിക്കാനോ ജാമ്യകാലയളവ് ദുരുപയോഗം ചെയ്യാനോ പാടില്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞു. കേസ് അന്വേഷണത്തിൽ ഇടപെടരുതെന്ന് ജാമ്യം അനുവദിച്ച് നിർദ്ദേശിച്ചിട്ടുണ്ട്. ചികിത്സയുടെ ആവശ്യത്തിനായി രണ്ടുമാസം ജാമ്യം അനുവദിക്കണമെന്ന് കാട്ടി ശിവശങ്കർ നേരത്തെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം തള്ളിയാണ് ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇടക്കാലജാമ്യം അനുവദിച്ചത്.

ജാമ്യം അനുവദിക്കുന്നത് തടയാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊണ്ടുപിടിച്ച ശ്രമം നടത്തി. ആരോഗ്യ പ്രശ്ങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇ ഡി സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം നൽകി. ശിവശങ്കറിന് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തിന് പ്രശ്നമാകുമെന്നും സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ഇ ഡിയുടെ വാദം.

ആവശ്യമെങ്കിൽ ഇടക്കാല ജാമ്യത്തിന് കീഴ്‌ക്കോടതിയെ സമീപിക്കാമെന്ന് നേരത്തെ സുപ്രീംകോടതി നിർദേശമുണ്ടായിരുന്നു. എന്നാൽ ശിവശങ്കറിന് ഇടക്കാലജാമ്യം നൽകരുതെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുന്നത്.

ലൈഫ് മിഷൻ കേസിൽ ഒന്നാം പ്രതിയാണ് ശിവശങ്കർ. ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കൊച്ചിയിലെ വിചാരണ കോടതി തള്ളിയിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും അടിയന്തരമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്. കേസിൽ ഫെബ്രുവരി 15 നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറ് മാസമായി ജയിലിൽ കഴിയുകയായിരുന്നു അദ്ദേഹം.