മദ്യപാനശീലം ഇല്ലായിരുന്നെങ്കിൽ ഞാൻ നല്ല മനുഷ്യനും നടനുമായേനേ: രജനികാന്ത്

0
231

തെന്നിന്ത്യൻ സിനിമാ ലോകത്തിന് ഒരേയൊരു സൂപ്പർസ്റ്റാറേയുള്ളൂ അതാണ് രജനികാന്ത്. തെന്നിന്ത്യയിൽ മാത്രമല്ല, ഇന്ത്യൻ സിനിമയുടെ തന്നെ ലെജൻഡറി താരമാണ് രജനി. പ്രായാധിക്യത്താൽ നരച്ച തലയും ശരീരത്തിലെ ചുളിവുകളും അദ്ദേഹം ഒരിക്കലും മറച്ചുവെയ്ക്കാറില്ല. അതുപോലെ തന്നെയാണ് തന്റെ ദുശീലങ്ങളെ കുറിച്ചുള്ള താരത്തിന്റെ തുറന്നുപറച്ചിലും.

ആരാധകർക്ക് മുന്നിൽ ഒന്നും ഒളിച്ചുവെയ്ക്കാൻ ഇഷ്ടപ്പെടാത്ത താരം ഇപ്പോൾ നടത്തിയ ഒരു വെളിപ്പെടുത്തിലാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ജയിലറി’ന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ രജനി നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ ദുശീലത്തെ കുറിച്ചും തുറന്നുപറഞ്ഞിരിക്കുന്നത്.

തനിക്ക് ഒരുകാലത്ത് ഉണ്ടായിരുന്ന മദ്യപാനശീലത്തെ കുറിച്ചാണ് രജനി പറയുന്നത്. ഈ മദ്യപാനശീലം ഇല്ലായിരുന്നെങ്കിൽ താനൊരു ഇതിലും നല്ലൊരു മനുഷ്യനും നടനുമായേനേ എന്നാണ് രജനി പറയുന്നത്. കൂടാതെ, ആരും സ്ഥിരമായി മദ്യപിക്കരുതെന്നും ആരാധകരോട് താരം ഉപദേശിച്ചു.

എന്നാൽ ഈ സംസാരത്തിനിടെ വേണമെങ്കിൽ വല്ലപ്പോഴും നടക്കുന്ന പാർട്ടികളിൽ മദ്യപിക്കാം എന്ന അദ്ദേഹത്തിന്റെ പരാമർശവും വലിയ ചർച്ചയും വിവാദവുമൊക്കെയാവുന്നുണ്ട്.

അസുഖ ബാധിതനായതിനെ തുടർന്ന് വർഷങ്ങൾക്ക് മുമ്പാണ് രജനികാന്ത് മദ്യപാനം ഉപേക്ഷിച്ചത്. ഇതിനിടെ താരം വൃക്ക രോഗത്തിന് ശസ്ത്രക്രിയയും തേടിയിരുന്നു. വിശ്രമകാലത്തിന് ശേഷം രജനി തിരിച്ചെ്തിയ ചിത്രങ്ങൾ വലിയ ഹിറ്റുകളായിരുന്നു.

നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ’ ആണ് രജനിയുടെ വരാനിരിക്കുന്ന ചിത്രം. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. തമന്നയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ പുറത്തെത്തിയ ‘കാവാലയ്യ’ പാട്ട് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.