ഹിന്ദുവിനേക്കാൾ അഭിമാനകരം നായരാകുന്നത്; 18 വർഷം ആർഎസ്എസിന്റെ ദണ്ഡ് പിടിച്ചു: ജി സുകുമാരൻ

0
236

തിരുവനന്തപുരം: ഹിന്ദുവിനേക്കാൾ അഭിമാനകരം നായരായി ജീവിക്കുന്നതാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. താൻ 18 വർഷം ആർഎസിസിന്റെ ദണ്ഡ് പിടിച്ച് നടന്നവനാണെന്നും അന്ന് താൻ വെറും ഹിന്ദു മാത്രമായിരുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു. തനിക്ക് അഭിമാന പൂർവം നിൽക്കാൻ കഴിയുന്ന സ്ഥലം എൻഎസ്എസ് ആണെന്ന് ബോധ്യപ്പെട്ടുവെന്നും സുകുമാരൻ നായർ പറഞ്ഞു.

“ഞാൻ 18 വർഷം ആർഎസ്എസുകാരനായി ഈ ദണ്ഡും പിടിച്ച് നടന്നവനാ. അന്ന് എൻഎസ്എസ് നായരാകണം, അന്ന് ഹിന്ദുവാ, പക്ഷേ എനിക്ക് നായരാകണമെന്നു തോന്നി. കാരണം ഈ ഹിന്ദുവിനെക്കാൾ അഭിമാനപൂർവം നിൽക്കാൻ കഴിയുന്ന സ്ഥലം എൻഎസ്എസാണെന്ന് എനിക്ക് ബോധ്യപ്പെട്ടു.”

അതേസമയം ശാസ്ത്രം മിത്ത്-പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീർ മാപ്പ് പറയണമെന്ന് സുകുമാരൻ ആവശ്യപ്പെട്ടു. ഷംസീർ ഹൈന്ദവ സമൂഹത്തോട് തെറ്റ് ഏറ്റുപറയണമെന്നാണ് സുകുമാരന്റെ ആവശ്യം. ബുധനാഴ്ച വിശ്വാസ സംരക്ഷണ ദിനമായി ആർഎസ്എസ് ആചരിക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായി ചങ്ങനാശേരിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു സുകുമാരൻ.

പ്രത്യേക സമുദായത്തിൽ പെട്ട ആൾ ഒരു വിഭാ​ഗത്തെ മാത്രം കേന്ദ്രീകരിച്ച് നടത്തിയ പ്രസ്താവന നിന്ദ്യവും അപമാനകരമാണെന്നും സുകുമാരൻ പറഞ്ഞു. ശാസ്ത്രമല്ല വിശ്വാസമാണ് വലുത്. വിഷയത്തിൽ ആർഎസ്എസ്, ബിജെപി, തുടങ്ങിയ ഹൈന്ദ വിഭാ​ഗത്തിലെ രാഷ്ട്രീയ-സമുദായ സംഘടനകളെല്ലാം പ്രതികരിച്ചിട്ടുണ്ട്. അവർക്കൊപ്പമാണ് എൻഎസ്എസ് നിൽക്കുന്നതെന്ന് സുകുമാരൻ പറഞ്ഞു.

ഇത് വിശ്വാസത്തിന്റെ കാര്യമാണ്. ശബരിമല വിഷയത്തിൽ എൻഎസ്എസ് വലിയ സമരം നടത്തിയിട്ടുണ്ട്. അതും ഇതും വിശ്വാസമാണ്. അതുകൊണ്ട് സമരമുഖത്ത് എല്ലാവർക്കുമൊപ്പം എൻഎസ്എസ് ഉണ്ടാകുമെന്ന് സുകുമാരൻ പറഞ്ഞു. സ്പീക്കർ രാജിവെക്കണമെന്ന് പറഞ്ഞിട്ടില്ല, ആ സ്ഥാനത്തു തുടരാൻ ഷംസീറിന് യോ​ഗ്യതയില്ലെന്നാണ് പറഞ്ഞതെന്നും സുകുമാരൻ കൂട്ടിച്ചേർത്തു.

വിശ്വാസത്തെ കവിഞ്ഞുള്ള ഒരു ശാസ്ത്രവും ഇവിടെ നിലനിൽക്കില്ല. അത് ഏത് മതത്തിലായാലും. മനുഷ്യനെ നയിക്കുന്നത് അവന്റെ വിശ്വാസമാണ്. അതിനപ്പുറം ശാസ്ത്രത്തിന് അടിസ്ഥാനമില്ല. ശാസ്ത്രത്തെക്കുറിച്ച് പറഞ്ഞാൽ ​ഗണപതിയെക്കുറിച്ചു മാത്രം പറഞ്ഞാൽ പോര, എല്ലാ മതങ്ങളെക്കുറിച്ചും പറയണമെന്നും സുകുമാരൻ വ്യക്തമാക്കി.