ആലുവ കൊലപാതകം; അഞ്ച് വയസുകാരിയുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം നൽകും

0
120

ആലുവയിൽ അതിക്രൂരമായി കൊല്ലപ്പെട്ട ബിഹാറി സ്വദേശിയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് തുക അനുവദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ ബിഹാർ സ്വദേശിയായ പ്രതി അസ്ഫാലം ആലം തട്ടികൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയത്. പ്രതിയെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. അടിയന്തര ആശ്വാസധനമായി വനിത ശിശുക്ഷേമവകുപ്പ് ഒരുലക്ഷം രൂപ നേരത്തെ കെെമാറിയിരുന്നു.

ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ മതിയായ സാമ്പത്തിക സഹായം നൽകുന്നില്ലെന്ന് സംഘപരിവാർ കേന്ദ്രങ്ങൾ വ്യാജ പ്രചാരണം തുടങ്ങിയിരുന്നു. ഈ പ്രചാരണം മറയാക്കി ഹിന്ദു സേവാസംഘം പെൺകുട്ടിയുടെ പേരിൽ സാമ്പത്തിക സമാഹരണം ആരംഭിക്കുകയും ചെയ്തു. വിഷയത്തിൽ കള്ളപ്രചാരണം നടത്തി സർക്കാരിനെ കുറ്റപ്പെടുത്താനുള്ള നീക്കവും സംഘപരിവാർ കേന്ദ്രങ്ങൾ കൊണ്ടുപിടിച്ച് നടത്തിയിരുന്നു.

അതേസമയം, പ്രതി അസ്ഫാക് ആലമിനെ അന്വേഷണസംഘം ഇന്ന് തെളിവെടുപ്പിനായി എത്തിക്കും. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത ശേഷമാണ് തെളിവെടുപ്പ് നടത്തുന്നത്. പ്രതി കേരളത്തിലേക്ക് എന്ന് വന്നുവെന്നും മറ്റ് ക്രിമിനൽ കേസുകൾ ഉണ്ടോ എന്നും പരിശോധിക്കും. പ്രതിയുടെ പൗരത്വം സംബന്ധിച്ച് പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്. കസ്റ്റഡിയിലെ ചോദ്യംചെയ്തിന് ശേഷമേ അന്വേഷണസംഘം ബീഹാറിലേക്ക് പോകൂ. ഡിഐജി എ ശ്രീനിവാസാണ് ഇക്കാര്യം അറിയിച്ചത്.