ലിഫ്റ്റില്‍ കുടുങ്ങിയത് മൂന്ന് നാൾ; ശ്വാസം കിട്ടാതെ പിടഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

0
283

മൂന്ന് ദിവസം ലിഫ്റ്റില്‍ കുടുങ്ങിയ യുവതിക്ക് ദാരുണാന്ത്യം. സ്‌ബെക്കിസ്ഥാനിലെ താഷ്‌കെന്റിലാണ് സംഭവം. പോസ്റ്റ് വുമണായ ഓള്‍ഗ ലിയോണ്‍റ്റീവയാണ് മരിച്ചത്. മൂന്ന് ദിവസത്തോളം ലിഫ്റ്റില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഓള്‍ഗ. ഒന്‍പത് നില കെട്ടിടത്തിന് മുകളിലാണ് കുടുങ്ങിക്കിടന്നത്. സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും എത്തിയില്ലെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലൈ 24 ന് ജോലി കഴിഞ്ഞ് പോയ ഓള്‍ഗ പിന്നെ വീട്ടിലേക്ക് തിരിച്ചെത്തിയില്ല. പിന്നീട് നടത്തിയ തെരച്ചിലിനൊടുവിലാണ് ലിഫ്റ്റില്‍ ഓള്‍ഗയുടെ മൃതദേഹം കണ്ടെത്തിയത്, സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവ ദിവസം വൈദ്യുതി മുടങ്ങിയിട്ടില്ലെന്ന് റീജിയണല്‍ ഇലക്ട്രിസിറ്റി നെറ്റ്വര്‍ക്ക് എന്റര്‍പ്രൈസ് സ്ഥിരീകരിച്ചതായി ഔട്ട്ലെറ്റ് അറിയിച്ചു.

കെട്ടിടത്തിലെ താമസക്കാരുടെ മൊഴി അനുസരിച്ച് ലിഫ്റ്റിലെ തകരാറാണ് ഓള്‍ഗയുടെ മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.