‘നേതാക്കളെ അപകീർത്തിപ്പെടുത്തി’; ഷാജൻ സ്കറിയയ്ക്കെതിരെ എസ്എൻഡിപിയുടെ പരാതി

0
157

തിരുവനന്തപുരം: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയ്ക്കെതിരെ സംസ്ഥാന വ്യാപകമായി എസ്എൻഡിപി പരാതി നൽകും. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ വാർത്ത നൽകിയതിനെതിരെയാണ് എസ്എൻഡിപി നിയമ നടപടിയുമായി മുന്നോട്ടു പോകുന്നത്. ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം.

ആദ്യഘട്ടമെന്നോണം മാരാരിക്കുളം പോലീസ് സ്റ്റേഷനിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷനിലും എസ്എൻഡിപി പരാതി നൽകി. ബുധനാഴ്ച പത്തനാപുരം അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ എസ്എൻഡിപി യോ​ഗം പരാതി നൽകും. നാൽപതോളം പരാതികൾ വിവിധ സ്റ്റേഷനുകളിലായി നൽകുമെന്നാണ് വിവരം.

നിലവിൽ ജാമ്യത്തിൽ കഴിയുന്ന ഷാജൻ സ്കറിയക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തതോടെ വീണ്ടും ഒളിവിൽ പോയിരിക്കുകയാണ്.

അതേസമയം പി വി ശ്രീനിജൻ നൽകിയ പരാതിയിൽ ഷാജന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരെ ഷാജൻ സുപ്രീംകോടതിയെ സമീപിച്ചു. മൂന്ന് ആഴ്ചത്തേക്ക് ഷാജന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു.

മതസ്പർധ വളർത്തിയെന്നു ചൂണ്ടിക്കാട്ടി നിലമ്പൂർ പോലീസിൽ നൽകിയ പരാതിയിൽ ഷാജനെതിരെ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുത്തിരുന്നു. ഏറ്റവുമൊടുവിൽ തിരുവനന്തപുരം സൈബർ ക്രൈം പോലീസ് ഔദ്യോ​ഗിക രഹസ്യ നിയമം, ഐടി ആക്ട്, ടെല​ഗ്രാഫ് ആക്ട് എന്നീ വകുപ്പുകൾ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയെന്ന ​ഗുരുതരമായ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പോലീസ് ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുത്തിരിക്കുന്നത്.

യൂട്യൂബ് ചാനൽ വഴി മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നതുവരെ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവിനു ശേഷവും തനിക്കെതിരെ സംസ്ഥാനത്ത് 107 കേസുകളെടുത്തെന്നും തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും ഷാജൻ ഹൈക്കോടതിയെ അറിയിച്ചു. ഷാജൻ സ്കറിയയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നുണ്ടെങ്കിൽ നോട്ടീസ് നൽകി വിളിപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.