കൊടുംചൂടിൽ സൗദി അറേബ്യ; താപനില അൻപത് പിന്നിട്ടു

0
124

കൊടുംചൂടിൽ വെന്തുരുകി സൗദിഅറേബ്യ. താപനില അൻപത് പിന്നിട്ടതോടെ പകൽ സമയങ്ങളിൽ പുറം ജോലികൾ ചെയ്യിക്കുന്നതിനെതിരെ മുന്നറിയിപ്പ് ശക്തമാക്കി മാനവവിഭവശേഷി മന്ത്രാലയം. ഉയർന്ന ചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം.

രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയാണ് ഇന്നലെ അനുഭവപ്പെട്ടത്. 50 ഡിഗ്രി സെൽഷ്യസ് വരെ അൽഹസ്സയിൽ താപനില ഉയർന്നു. കിഴക്കൻ പ്രവിശ്യയുടെ മറ്റു ഭാഗങ്ങളിലും സമാനമായ താപനിലയാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളായ റിയാദ്, അൽഖസ്സീം, മക്ക, മദീന പ്രവിശ്യകളിലും പകൽ താപനില 46നും 48നും ഇടയിലേക്ക് ഉയർന്നു.

ചൂട് ശക്തമായ സാഹചര്യത്തിൽ പുറം ജോലികളിൽ ഏർപ്പെടുന്നവർക്ക് ഏർപ്പെടുത്തിയ വിലക്ക് കൃത്യമായി പാലിക്കാൻ മാനവവിഭവശേഷി മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

രാജ്യത്ത് അനുഭവപ്പെട്ടുവരുന്ന കടുത്ത ചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സൂര്യപ്രകാശം നേരിട്ടേൽക്കാതിരിക്കാൻ ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രാലയവും നിർദ്ദേശം നൽകി.