ഒലയുടെ പുതിയ മോഡലായ എസ്1 എയറിന്റെ വിലക്കിഴിവ് ഈ മാസം പകുതി വരെ നീട്ടി

0
113

വൈദ്യുത വാഹന നിർമ്മാതാക്കളായ ഒലയുടെ പുതിയ മോഡലായ എസ്1 എയറിന്റെ വിലക്കിഴിവ് ഈ മാസം പകുതി വരെ നീട്ടി. ഉപഭോക്താക്കളുടെ വലിയ ഡിമാൻഡിനെ തുടർന്നാണ് ഓഫർ കാലയളവ് നീട്ടുന്നത് എന്ന് ഒല സിഇഒ ഭവിഷ് അഗർവ പറഞ്ഞു. ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് 12 വരെയാണ് ഓഫർ.

‘എസ്1 എയർ ഡിമാൻഡ് ഞങ്ങളുടെ പ്രതീക്ഷകൾക്കപ്പുറമായിരുന്നു. റിസർവേഷനപ്പുറം എല്ലാവർക്കും 1.1 ലക്ഷം രൂപയുടെ ഓഫർ നൽകണമെന്ന് പലരും ഞങ്ങളോട് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് 12 മണി വരെ ഞങ്ങൾ ഓഫർ നീട്ടുകയാണ്,’ അഗർവാൾ എക്‌സിൽ കുറിച്ചു.

തുടക്കത്തിൽ, ജൂലൈ 28 ന് മുമ്പ് എസ്1 എയർ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തവർക്ക് 1, 09,999 രൂപയ്ക്ക് ലഭ്യമായിരുന്നു. മറ്റെല്ലാ ഉപഭോക്താക്കൾക്കും, പുതിയ ഇലക്ട്രിക് സ്കൂട്ടർ ജൂലൈ 31 ന് പുതുക്കിയ വിലയായ 1,19,999 രൂപയ്ക്ക് വാങ്ങേണ്ടി വരുമെന്നായിരുന്നു കമ്പനി പറഞ്ഞിരുന്നത്. എന്നാൽ ഉപയോക്താക്കളുടെ ആവശ്യത്തെ തുടർന്നാണ് പുതിയ നീക്കം.

എസ്1, എസ്1 പ്രോ എന്നീ മോഡലുകളുടെ അതേ അത്യാധുനിക സാങ്കേതികവിദ്യയിലും ഡിസൈനിലുമാണ് എസ്1 എയർ മോഡലും ഒരുക്കിയിരിക്കുന്നത്. എന്നാൽ, ഒറ്റ ചാർജിൽ 125 കിലോമീറ്റർ റേഞ്ച് നൽകുന്ന 3 kWh ബാറ്ററി പായ്ക്ക് ഉൾപ്പെടെ നിരവധി ചെലവ് ചുരുക്കൽ ഫീച്ചറുകളും ഈ മോഡലിലുണ്ട്. എസ്1 എയറിൽ 4.5 kW ഹബ് മോട്ടോർ (6 bhp) ആണ് എസ്1 എയറിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇത് വെറും 3.3 സെക്കൻഡിനുള്ളിൽ 0 മുതൽ 40 kmph വേഗത കൈവരിക്കാൻ സഹായിക്കുന്നു. 90 kmph ആണ് ഈ മോഡലിന്റെ ഉയർന്ന വേഗത.