പെൺകുട്ടിയോട് സംസാരിച്ചതിന് സദാചാര ഗുണ്ടായിസം; ബിഎംഎസ് നേതാവായ കണ്ടക്ടർക്ക് സസ്‌പെൻഷൻ

0
144

പെൺകുട്ടിയോട് സംസാരിച്ചതിന് സദാചാര ഗുണ്ടായിസം കാട്ടിയ കെഎസ്ആർടിസിയിലെ ബിഎംഎസ് നേതാവിനെ സസ്‌പെൻഡ് ചെയ്തു. വെള്ളറട ഡിപ്പോയിലെ സുരേഷ് കുമാറിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. സുരേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര ചട്ടലംഘനമാണെന്നാണ് കെഎസ്ആര്‍ടിസിയുടെ കണ്ടെത്തല്‍. പെൺകുട്ടിയോട് സംസാരിച്ചതിനാലാണ് മർദ്ദിച്ചതെന്നാണ് ആരോപണം. കാട്ടാക്കട ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു ആക്രമണം. യുവാവിന്റെ പരാതിയില്‍ കാട്ടാക്കട പൊലീസ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.

തിരുവനന്തപുരത്ത് നിന്നും കാട്ടാക്കടയില്‍ എത്തിയ ബസില്‍ ഒരേ സീറ്റില്‍ ഇരിക്കുകയായിരുന്നു യുവാവും പെൺകുട്ടിയും. ബസില്‍ കയറിയ സമയം മുതല്‍ സുരേഷ് കുമാര്‍ തന്നെ നോക്കുന്നുണ്ടായിരുന്നുവെന്ന് യുവാവ് പറഞ്ഞിരുന്നു. ബസ് കാട്ടാക്കടയില്‍ എത്തിയതോടെ സുരേഷ് മോശമായി സംസാരിച്ചെന്നാണ് ഋതിക്കിന്റെ പരാതി. അനാവശ്യം പറയുന്നോ എന്ന് ചോദിച്ചതോടെ ടിക്കറ്റ് മെഷ്യന്‍ ഉപയോഗിച്ച് സുരേഷ് കുമാര്‍ തലക്ക് അടിക്കുകയും ഷര്‍ട്ടില്‍ പിടിച്ച് തള്ളി താഴെയിട്ടു മര്‍ദ്ദിച്ചുവെന്നുമാണ് യുവാവിന്റെ പരാതി. ബസില്‍ കയറാന്‍ എത്തിയ ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

വെള്ളറട ഡിപ്പോയിലെ ബിഎംഎസ് യൂണിറ്റ് സെക്രട്ടറിയാണ് സുരേഷ് കുമാർ. യാത്രക്കാരനോട് മോശമായി പെരുമാറിയതിന് നേരത്തെയും സുരേഷ് കുമാർ ശിക്ഷാനടപടികൾ നേരിട്ടിട്ടുണ്ട്.