Exclusive: ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പേരിൽ പണപ്പിരിവ്; പിരിക്കുന്നത് പ്രതീഷ് വിശ്വനാഥന്റെ ഹിന്ദു സേവാസംഘം, പേര് വെളിപ്പെടുത്തരുതെന്ന കോടതി നിർദ്ദേശവും ലംഘിച്ചു

0
217

ആലുവയിൽ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പേരോ ചിത്രമോ വെളിപ്പെടുത്താൻ പാടില്ലെന്നിരിക്കെ, കുട്ടിയുടെയും അച്ഛന്റെയും പേരും മേൽവിലാസവും വിശദാംശങ്ങളും വെളിപ്പെടുത്തി ഹിന്ദു സേവാകേന്ദ്രം. കുട്ടിയുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ എന്ന പേരിലാണ് ഹിന്ദു സേവാകേന്ദ്രം സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം തുടങ്ങിയിരിക്കുന്നത്. കൊല്ലപ്പെട്ട കുട്ടിയുടെ പേര് സഹിതമാണ് ധനശേഖരണം തുടങ്ങിയിരിക്കുന്നത്. പീഡനത്തിനിരയായ കുട്ടികളുടെയോ സ്ത്രീകളുടെയോ പേര് വെളിപ്പെടുത്തരുതെന്ന നിയമം നിലനിൽക്കെയാണ് ആലുവയിലെ കുട്ടിയുടെയും അച്ഛന്റെയും പേര് സഹിതം വെളിപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെയുള്ള പണപ്പിരിവ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംഘപരിവാർ ഗ്രൂപ്പുകളിലേക്ക് ഈ സന്ദേശം ഇതിനകം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകഴിഞ്ഞു.

സംഘപരിവാർ നേതാവ് പ്രതീഷ് വിശ്വനാഥന്റെ നേതൃത്വത്തിലാണ് പുതിയ നീക്കം. ഹരിയാനയിൽ ട്രെയിനിൽ കൊലചെയ്യപ്പെട്ട ജുനൈദിന്റെ കുടുംബത്തിന് വരെ പത്തിരട്ടി സഹായമെത്തിച്ച സർക്കാർ സംവിധാനങ്ങൾ, ആലുവയിലെ വിഷയത്തിൽ നിസ്സംഗത കാട്ടുന്നുവെന്ന് ആരോപിച്ചാണ് ഹിന്ദു സേവാകേന്ദ്രത്തിന്റെ സാമ്പത്തിക ശേഖരണം. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് വെറും ഒരു ലക്ഷം രൂപ നൽകി ഈ ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാനസർക്കാർ തലയൂരിയെന്നും അതുകൊണ്ടുതന്നെ ഒരു ലക്ഷത്തിന്റെ പല മടങ്ങ് സഹായം കുട്ടിയുടെ കുടുംബത്തിന് എത്തിക്കാൻ ബാധ്യസ്ഥരാണെന്നും ഹിന്ദു സേവാകേന്ദ്രത്തിന്റെ അഭ്യർത്ഥനയിൽ പറയുന്നു. ആലുവയിൽ താമസിക്കുന്ന അസം നിവാസികളായ ആ അച്ഛനെയും അമ്മയെയും ബാക്കിയായ മൂന്ന് കുരുന്നുകളെയും കഷ്ടപ്പാടിന്റെ വേദനകളിലേക്ക് തള്ളാതെ നമ്മുടെ കരുതൽ അവർക്ക് നേരിട്ടെത്തിക്കാമെന്നും അഭ്യർത്ഥനയിലുണ്ട്. കുട്ടിയുടെ അച്ഛന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുക്കാനാണ് നിർദ്ദേശം. സാമ്പത്തിക സമാഹരണം ഹിന്ദു സേവാ സംഘം സാക്ഷ്യപ്പെടുത്തിയതാണെന്നും വിവരങ്ങൾ ആവശ്യമാണെങ്കിൽ ഒപ്പം നൽകിയിട്ടുള്ള ഹിന്ദു സേവാസംഘത്തിന്റെ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും സന്ദേശത്തിൽ പറയുന്നു.

ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ എറണാകുളം പോക്സോ കോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ആലുവയിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പേരോ ചിത്രമോ വെളിപ്പെടുത്തുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് എറണാകുളം റൂറൽ പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ പേരോ ചിത്രമോ വെളിപ്പെടുത്തുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് എറണാകുളം റൂറൽ പൊലീസ് അറിയിച്ചിട്ടുണ്ട്.

കുട്ടിയുടെ പേര്, ചിത്രം, തിരിച്ചറിയൽ സൂചന എന്നിവ ദൃശ്യ-പത്രമാധ്യമങ്ങൾ വഴിയോ സമൂഹ മാധ്യമങ്ങൾ വഴിയോ പ്രചരിപ്പിക്കുന്നതും പ്രദർശിപ്പിക്കുന്നതും പോക്സോ വകുപ്പുകൾ പ്രകാരം കുറ്റകൃത്യമാണെന്നാണ് മുന്നറിയിപ്പ്. പൊലീസിന്റെ മുന്നറിയിപ്പ് പുറത്തിറങ്ങി ഏതാനും മണിക്കൂറുകൾ കഴിയുന്നതിനുമുമ്പേയാണ് ഹിന്ദു സേവാകേന്ദ്രം കോടതിയുടെയും പൊലീസിന്റെയും നിർദ്ദേശം കാറ്റിൽപ്പറത്തി സമൂഹമാധ്യമങ്ങളിൽ കൊല്ലപ്പെട്ട കുട്ടിയുടെയും അച്ഛന്റെയുമൊക്കെ പേരുവിവരങ്ങളും വിശദാംശങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നത്. കൊല്ലപ്പെട്ട കുട്ടിയുടെ പേര്, അച്ഛന്റെ പേര്, ബാങ്ക് വിവരങ്ങൾ, ഫോൺ നമ്പർ എന്നിവ സഹിതമാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള അഭ്യർത്ഥന. ഗൂഗിൾ പേ നമ്പറും ഇതിനൊപ്പം ചേർത്തിട്ടുണ്ട്.

കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നത് തെറ്റല്ല. സഹായിക്കാൻ പാടില്ല എന്നും പറയുന്നില്ല. എന്നാൽ, ആലുവ കൊലപാതകത്തെ മറയാക്കി വെറുപ്പ് പ്രചരിപ്പിക്കാനും വിഭാഗീയമായ ചേരിതിരിവുണ്ടാക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പുവരുത്തുമെന്ന് മന്ത്രി വീണ ജോർജ് തന്നെ ആ കുടുംബത്തെ നേരിൽകണ്ട് അറിയിച്ചിരുന്നു. അതിനിടയിലാണ് കുടുംബസഹായത്തിന്റെ പേരിൽ ചേരിതിരിവുണ്ടാക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്.

ആലുവ വിഷയത്തിൽ പ്രതികരിച്ചില്ലെന്ന് പറഞ്ഞ് ഇതേ പ്രതീഷ് വിശ്വനാഥന്റെ നേതൃത്വത്തിൽ നടൻ സൂരജ് വെഞ്ഞാറമൂടിനെതിരെ സംഘപരിവാർ കേന്ദ്രങ്ങൾ സൈബർ ആക്രമണം നടത്തിയിരുന്നു. പ്രതീഷ് വിശ്വനാഥന് പുറമെ ബിജെപികാരനായ നടൻ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് സൈബർ ആക്രമണത്തിന് തുടക്കം കുറിച്ചത്. ഇതിനുപിന്നാലെ സുരാജിന് അജ്ഞാതകേന്ദ്രങ്ങളിൽ നിന്നും വധഭീഷണി വരെ ഉയർന്നിരുന്നു.