ഹരിയാനയിൽ വർഗീയ സംഘർഷം വ്യാപിക്കുന്നു; ഗുരുഗ്രാമിൽ മുസ്ലിം പള്ളിക്ക് തീയിട്ടു, ഒരാൾ കൊല്ലപ്പെട്ടു, മരണം നാലായി

0
94
  • മരണം നാലായി
  • കൊല്ലപ്പെട്ടവരിൽ രണ്ട്‌ ഹോംഗാർഡുകളും
  • ഏഴു പൊലീസുകാർ അടക്കം നിരവധി പേർക്ക്‌ പരിക്ക്
  • നിരവധി വാഹനങ്ങൾ കത്തിച്ചു
  • നിരോധനാജ്ഞ പ്രഖ്യാപിച്ചു
  • കനത്ത പൊലീസ് സുരക്ഷ
  • ബുധനാഴ്‌ച വരെ ഇന്റർനെറ്റ്‌ നിരോധനം
  • ഗുരുഗ്രാമിലെയും ഫരീദാബാദിലെയും എല്ലാ സ്കൂളുകളും കോളേജുകളും അടച്ചു

ഹരിയാനയിലെ നൂഹിൽ പൊട്ടിപ്പുറപ്പെട്ട വർഗീയസംഘർഷം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലേക്ക് വ്യാപിക്കുന്നു. നൂഹിലെ സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതിനുപിന്നാലെ ഗുരുഗ്രാമിലും കലാപം പൊട്ടിപ്പുറപ്പെട്ടു. ഗുരുഗ്രാമിലെ മുസ്ലിം പള്ളിക്ക് തീയിട്ടു. ഒരാൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് സെക്ടർ 57ലെ അഞ്ജുമാൻ മസ്ജിദിന് നേരെ ആക്രമണമുണ്ടായത്. ഈ ആക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്. അസിസ്റ്റന്റ് ഇമാം സഅദ് ആണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകളുണ്ട്. പുലർച്ചെ 80 ലേറെ പേരടങ്ങുന്ന ആൾക്കൂട്ടമാണ് പള്ളിക്ക് തീയിട്ടത്. ആദ്യം ഇമാമിനും പള്ളിയിലുണ്ടായിരുന്ന മറ്റൊരാൾക്കും നേരെ വെടിവെച്ചു. പിന്നാലെയായിരുന്നു ആക്രമണമെന്ന് ‘എൻഡിടിവി’ റിപ്പോർട്ട് ചെയ്തു.

പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇമാമടക്കം രണ്ട് പേർക്ക് വെടിയേറ്റതായി കേന്ദ്രമന്ത്രിയും ഗുരുഗ്രാം എംപിയുമായ റാവു ഇന്ദർജിത് സിംഗ് വാർത്താമാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടുണ്ട്. നുഹിലെ അക്രമസംഭവം ഗുരുഗ്രാമിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആഭ്യന്തര സഹമന്ത്രിയുമായി സംസാരിച്ചു, സ്ഥലത്തേക്ക് ഇരുപത് കമ്പനി അർദ്ധസൈനികരെ അയച്ചിട്ടുണ്ട്. കേസിൽ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സംഭവത്തിൽ ഇതുവരെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയാണ്. ആരാധനാലയങ്ങൾക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സമാധാനം ഉറപ്പാക്കുന്നതിനായി ഭരണകൂടവുമായി ചേർന്ന് സമൂഹത്തിലെ പ്രമുഖരുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

വിശ്വഹിന്ദു പരിഷത്തും ബജ്‌രംഗ്ദളും സംഘടിപ്പിച്ച ‘ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്ര’യാണ് സംഘർഷത്തിൽ കലാശിച്ചത്. യാത്ര നൂഹിലേക്ക്‌ പ്രവേശിച്ചതിനു പിന്നാലെയാണ്‌ സംഘർഷങ്ങൾക്ക് തുടക്കമായത്. ഗുരുഗ്രാമിലെ സിവിൽ ലൈനിൽ നിന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഗാർഗി കക്കർ ഫ്ലാഗ് ഓഫ് ചെയ്ത ഘോഷയാത്ര നൂഹിലെ ഖേദ്‌ല മോഡിന് സമീപം ഒരു സംഘം ആളുകൾ തടയുകയായിരുന്നു. ഇതിന് പിന്നാലെ കൊലപാതകവും കല്ലേറും തീവയ്പ്പും അടക്കം അക്രമസംഭവങ്ങളുണ്ടായി.

പശുക്കടത്ത്‌ ആരോപിച്ച്‌ ഹരിയാനയിൽ രണ്ട് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയും സംഘപരിവാർ പ്രവർത്തകനുമായ മോനു മനേസറും സംഘവും ഘോഷയാത്രയിൽ പങ്കാളികളായതാണ് സംഘർഷത്തിന് വഴിവച്ചത്. ഘോഷയാത്രയുടെ ഭാഗമായി വിഎച്ച്‌പി പ്രവർത്തകർ സമൂഹമാധ്യമത്തിൽ എതിർസമുദായത്തെ വെല്ലുവിളിക്കുന്നതും പ്രകോപനപരവുമായ പോസ്റ്റിട്ടതും ഏറ്റുമുട്ടലിന്‌ വഴിയൊരുക്കി. രണ്ടു ഹോംഗാർഡുകളടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. ഏഴു പൊലീസുകാർ അടക്കം നിരവധി പേർക്ക്‌ പരിക്കേറ്റു. നിരവധി വാഹനങ്ങൾ കത്തിച്ചു. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇതിനുപിന്നാലെയാണ് ഗുരുഗ്രാമിലും സമാനരീതിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷം രൂക്ഷമായതോടെ, നൂഹ് ഗുരുഗ്രാം ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളും ബുധനാഴ്ച വരെ താൽക്കാലികമായി റദ്ദാക്കി. മുൻകരുതൽ നടപടിയായി, ഗുരുഗ്രാമിലെയും ഫരീദാബാദിലെയും എല്ലാ സ്കൂളുകളും കോളേജുകളും അടച്ചു. സംഘ‍ർഷം പൊട്ടിപ്പുറപ്പെട്ടതോടെ ഗുരുഗ്രാമിന് സമീപമുള്ള ക്ഷേത്രത്തില്‍ അഭയംപ്രാപിച്ച കുട്ടികളടക്കം 4,000ത്തോളം പേരെ ഒഴിപ്പിച്ചു. ഇതിനായി സംസ്ഥാന ആഭ്യന്തരമന്ത്രാലയം കേന്ദ്രത്തിൽ നിന്ന് കൂടുതൽ സേനയെ തേടിയിരുന്നതായും ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് അറിയിച്ചു. ചൊവ്വാഴ്ച ജില്ലയിൽ കർഫ്യു ഏർപ്പെടുത്തി. പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും നൂഹിലെ സ്ഥിതിഗതികൾ സംഘർഷഭരിതമായി തുടരുകയാണ്.

ഇരുവിഭാഗവും സംയമനം പാലിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ സഹകരിക്കണമെന്നും മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ അഭ്യർഥിച്ചു. സംഘർഷസാധ്യതയുണ്ടെന്ന വിവരം നേരത്തേതന്നെ ലഭിച്ചിരുന്നെന്നും എന്നിട്ടും കലാപം തടയുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടെന്നും പ്രതിപക്ഷം ആരോപിച്ചു.