ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതിയുടെ തിരിച്ചറിയല്‍ പരേഡിന് അനുമതി, കസ്റ്റഡി അപേക്ഷ പോക്‌സോ കോടതി ചൊവ്വാഴ്ച പരിഗണിക്കും

0
122

ആലുവയിൽ അഞ്ചുവയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാഖ് ആലത്തിന്റെ തിരിച്ചറിയല്‍ പരേഡിന് അനുമതി. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്. കസ്റ്റഡി അപേക്ഷ പോക്‌സോ കോടതി ചൊവ്വാഴ്ച പരിഗണിക്കും.

കൊലപാതകത്തില്‍ പ്രതി അസ്ഫാഖിനെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. പ്രതി ഇതിനുമുമ്പും സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്‌തോ എന്ന കാര്യം പൊലീസ് വിശദമായി പരിശോധിക്കും. കൊലപാതകത്തില്‍ പ്രതിയുടെ കൃത്യമായ പങ്കാളിത്തമെന്ത് എന്നതും പൊലീസ് അന്വേഷിക്കും.

ആലുവയിലെ അഞ്ച് വയസുകാരിയുടെ അതിക്രൂര കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നതിലടക്കം അന്വേഷണം നടത്തുമെന്ന് ഇന്നലെ ഡിഐജി ശ്രീനിവാസ് വ്യക്തമാക്കിയിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുമെന്നും മറ്റ് ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷിക്കുകയാണെന്നുമാണ് ഡിഐജി പറഞ്ഞത്. പ്രതി ബിഹാര്‍ സ്വദേശിയാണെന്നും ആവശ്യമെങ്കില്‍ ബിഹാറില്‍ പോയി അന്വേഷിക്കുമെന്നും ഡിഐജി പറഞ്ഞിരുന്നു. ആലുവ കോടതി റിമാൻഡ് ചെയ്ത അസഫാഖ് ആലത്തിനെ ഞായറാഴ്ച തന്നെ ആലുവ സബ് ജയിലിലടച്ചിരുന്നു.