മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു

0
137

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റും. ശാരീരിക അവശതകളെത്തുടർന്ന് ഏറെക്കാലമായി വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. ഇതിൻ്റെ ഭാഗമായി ചികിത്സയും തേടിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ശ്വാസതടസം ഉണ്ടാകുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

രണ്ട് തവണ നിയമസഭാ സ്പീക്കറായിരുന്ന വക്കം പുരുഷോത്തമന്‍ മൂന്ന് തവണ മന്ത്രിയായി. 2004ല്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട വക്കം പുരുഷോത്തമന്‍ അതേ വര്‍ഷം ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്നു. ധനവകുപ്പ് അടക്കം ആറു വകുപ്പുകളുടെ ചുമതല മൂന്ന് തവണയായി അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.

ആന്‍ഡമാനില്‍ ലഫ്റ്റനന്റ് ഗവര്‍ണറും മിസോറാമിലും ത്രിപുരയിലും ഗവര്‍ണറുമായിരുന്നു. കേരളം കണ്ട ഏറ്റവും കര്‍ക്കശകാരനായ സ്പീക്കര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഏറ്റവും കൂടുതൽ കാലം സ്പീക്കറായിരുന്നതിൻ്റെ ബഹുമതിയും വക്കം പുരുഷോത്തമനാണ്. അഭിഭാഷകനെന്ന നിലയിലും മികവ് പുലർത്തിയ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം.

1928 ഏപ്രിൽ 12നാണ് വക്കം പുരുഷോത്തമൻ്റെ ജനനം. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ താലൂക്കിലെ വക്കം ഗ്രാമത്തിൽ ഭാനു പണിക്കരുടേയും ഭവാനിയുടേയും മകനാണ്. സ്റ്റുഡൻറ്സ് കോൺഗ്രസിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി. പഞ്ചായത്ത് അംഗമായി പാർലമെൻ്ററി ജീവിതം ആരംഭിച്ചു. 1971 മുതൽ 77 വരെ കൃഷി, തൊഴിൽ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു. 1980 ൽ ആരോഗ്യ – ടൂറിസം മന്ത്രിയായി. 2004 ൽ ധനമന്ത്രിയായിരുന്നു. ആറ്റിങ്ങലിൽ നിന്ന് അഞ്ചുവട്ടം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയിൽ നിന്ന് രണ്ടുതവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ഡിസിസി പ്രസിഡൻറ്, കെപിസിസിയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു.

അഞ്ച് വർഷം ജനീവയിലെ ഇന്റർ പാർലമെന്ററി യൂണിയന്റെ സിഐഡിപിയിലേക്കുള്ള വിദഗ്ധരുടെ കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു. 1982-ൽ ബഹാമസ്, 1983-ൽ നെയ്‌റോബി, 1984-ൽ ഐൽ ഓഫ് മാൻ, 2001-ൽ ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നടന്ന കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിലേക്കുള്ള പ്രതിനിധിയായി.

 

നഷ്ടമായത് തലമുതിർന്ന നേതാവിനെ: മുഖ്യമന്ത്രി

കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർലമെന്റേറിയൻ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളിൽ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച വക്കം പുരുഷോത്തമൻ സ്പീക്കർ പദവിയിലും ഗവർണർ പദവിയിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. അഭിഭാഷക വൃത്തിയിൽ നിന്ന് കോൺഗ്രസ് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹത്തിന്റെ നേതൃശേഷി പൊതുവിൽ അംഗീകരിക്കപ്പെട്ടതായിരുന്നു.

വിവിധസ്ഥാനങ്ങളിൽ ഇരിക്കെ തൻ്റെ ഭരണപാടവവും കണിശതയും കാർക്കശ്യവും മുറുക്കിപ്പിടിച്ചുകൊണ്ടാണ് വക്കം വ്യത്യസ്തനായത്. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകൾ സ്പീക്കർ ആയിരിക്കെയും മന്ത്രി ആയിരിക്കെയും അദ്ദേഹം അണുവിട ചാഞ്ചല്യമില്ലാതെ മുറുകെപ്പിടിച്ചു. വിവാദങ്ങൾ ഉണ്ടായപ്പോഴും തന്റെ തീരുമാനങ്ങളിൽ ഉറച്ചുനിന്ന് മുന്നോട്ടു പോകാനുള്ള നിശ്ചയദാർഢ്യം അദ്ദേഹം പ്രകടിപ്പിച്ചു.

വൈഷമ്യമേറിയ ഒരു ഘട്ടത്തിൽ കേരളത്തിലെ കോൺഗ്രസിൻ്റെ സംഘടനാരൂപം കാര്യക്ഷമമാക്കി നിലനിർത്തുന്നതിൽ വലിയ പങ്കാണ് വക്കം വഹിച്ചത്. മന്ത്രിയെന്ന നിലയിൽ വികസനോന്മുഖമായ വീക്ഷണം പുലർത്താൻ ശ്രദ്ധിച്ചു. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ എംപി എന്ന നിലയിൽ സദാ സന്നദ്ധത പുലർത്തിയിരുന്നു.

വക്കം പുരുഷോത്തമന്റെ വേർപാടിൽ ദുഃഖം അനുഭവിക്കുന്ന കുടുംബാംഗങ്ങളെയും കോൺഗ്രസ്സ് പാർട്ടിയെയും മറ്റെല്ലാവരെയും മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാധാകൃഷ്ണൻ, പി എ മുഹമ്മദ് റിയാസ്, സജി ചെറിയാൻ എന്നിവർ അനുശോചിച്ചു.