മോന്‍സണ്‍ മാവുങ്കല്‍ കേസ്: ഐ ജി ലക്ഷ്മണ ചോദ്യം ചെയ്യലിന് ഹാജരായില്ല; ചികിത്സയിലെന്ന് വിശദീകരണം, അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമമെന്ന് സൂചന

0
142

മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു – സാമ്പത്തിക തട്ടിപ്പുകേസില്‍ മൂന്നാംപ്രതിയായ ഐജി ജി ലക്ഷ്മണ ചോദ്യം ചെയ്യലിന് ഹാജരാകില്ല. തിങ്കളാഴ്‌ച പകൽ 11ന്‌ കളമശേരി ജില്ലാ ക്രൈംബ്രാഞ്ച്‌ ഓഫീസിൽ ഹാജരാകാനാണ്‌ ലക്ഷ്‌മണിന്‌ നോട്ടീസ്‌ നൽകിയിരുന്നത്. എന്നാല്‍ ചികിത്സയിലായതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ലക്ഷ്മണ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ജനറൽ അഡ്‌മിനിസ്‌ട്രേഷൻ വിഭാഗത്തിൽ പൊലീസ്‌ ട്രെയിനിങ്‌ ചുമതലയുള്ള ഐജിയാണ്‌ ലക്ഷ്മണ.

പുരാവസ്‌തു തട്ടിപ്പുവീരൻ മോൺസൺ മാവുങ്കലും ഐ ജി ലക്ഷ്മണും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം തിങ്കളാഴ്ച പുറത്തുവന്നിരുന്നു. ചോദ്യം ചെയ്യലിൽ താൻ കുടുങ്ങുമെന്ന് ഉറപ്പായതോടെ അറസ്റ്റിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് ആരോഗ്യകാരണം പറഞ്ഞ് ലക്ഷ്മണ മുങ്ങിയതെന്നാണ് സൂചന.

മോൺസൺ മാവുങ്കലിനെതിരായ കേസുകൾ അട്ടിമറിക്കാൻ ലക്ഷ്മണ ഇടപെട്ടതായും അതുനുള്ള ശ്രമം നടത്തിയതായും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മാത്രമല്ല, ആന്ധ്രാ, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിലെ വൻവ്യവാസായികളെയും ഉന്നതരെയും മോൺസണ് പരിചയപ്പെടുത്തിക്കൊടുത്തതും ലക്ഷ്മണയായിരുന്നു. ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിൽ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ലക്ഷ്‌മൺ കേസിൽ പ്രതിയായത്‌. മുൻ ഡിഐജി സുരേന്ദ്രനെയും പ്രതി ചേർത്തു. ഇരുവരും മോൻസൺ മാവുങ്കലുമായി അടുത്തബന്ധം പുലർത്തിയിരുന്നുവെന്നും പരാതിക്കാരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

കേസിൽ പ്രതിയായ മുന്‍ ഡിഐജി എസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. സുരേന്ദ്രന്റെ മൊഴികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലക്ഷ്മണയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി വൈ ആർ റുസ്തമിന്റെ നേതൃത്വത്തിലാണ്‌ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നത്. ഇതിനായി നൂറിലധികം ചോദ്യങ്ങളടങ്ങിയ ചോദ്യാവലി തയ്യാറാക്കി. കേസിൽ ലക്ഷ്‌മണിന്റെ പങ്കാളിത്തം വ്യക്തമാക്കുന്നതും അറസ്‌റ്റിലേക്ക്‌ നയിക്കാവുന്നതുമായ തെളിവുകൾ ക്രൈംബ്രാഞ്ചിന്‌ ലഭിച്ചതായാണ്‌ സൂചന. അഴിയെന്നുമെന്ന് ഉറപ്പായതോടെ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാൻ ശ്രമിക്കുകയാണ് ലക്ഷ്മണ.

ഇന്ന് രാവിലെ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായ സുരേന്ദ്രനെ, ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. തട്ടിപ്പിനിരയായ ആന്ധ്ര സ്വദേശിനിയെ മോൻസണ്‌ പരിചയപ്പെടുത്തി കൊടുത്തതാണെന്ന കണ്ടെത്തലിനെത്തുടർന്ന്‌ ലക്ഷ്‌മണിനെ 2021 നവംബറിലാണ്‌ ട്രാഫിക്‌ ഐജി പദവിയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. ഒരുവർഷവും രണ്ടുമാസവും സസ്‌പെൻഷൻതന്നെ തുടർന്നു. ലക്ഷ്മണ ഉൾപ്പെട്ട മറ്റ് ആരോപണങ്ങളിൽ ഉടൻ വിശദമായ അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് നിർദ്ദേശം നൽകിയിരുന്നു.

2021 സെപ്തംബര്‍ 25 നാണ് മോന്‍സണ്‍ മാവുങ്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ പോലീസ് ട്രെയിനിങ് ചുമതലയുള്ള ഐ ജി ലക്ഷ്മണിനെ കേസില്‍ മൂന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കഴിഞ്ഞ ജൂണ്‍ ഒമ്പതിന് എറണാകുളം അഡി. സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ലക്ഷമണിന് പുറമേ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ എന്നിവരെയും പ്രതി ചേര്‍ത്തിരുന്നു.