പുരാവസ്തു തട്ടിപ്പുവീരൻ മോൺസൺ മാവുങ്കലും ഐ ജി ലക്ഷ്മണും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്ത്. മോൺസണെ മുൻ ഡിജിപി അനിൽ കാന്തിലേക്ക് എത്തിക്കാൻ ഇടനില നിന്നത് ലക്ഷ്മണയെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. പൊലീസ് ക്ലബില്‍ മോന്‍സണിന് താമസ സൗകര്യം ഒരുക്കിയത് ലക്ഷ്മണ്‍ ആണെന്നും ശബ്ദരേഖയില്‍ പറയുന്നു. അനിത പുല്ലയിലും പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹി ജോസ് മാത്യു പനച്ചിക്കളുമായുള്ള സംഭാഷണമാണ് പുറത്തുവന്നത്. ഇതോടെ മോന്‍സണ്‍ മാവുങ്കലുമായി യാതൊരു തരത്തിലും ബന്ധമില്ലെന്ന ലക്ഷമനയുടെ വാദം പൊളിഞ്ഞു. പുരാവസ്‌തുതട്ടിപ്പ് കേസിൽ പലപ്പോഴും പോലീസിലും ഉന്നത ഉദ്യോഗസ്ഥകേന്ദ്രങ്ങളിലും ഏതു സമയത്തും ഇടപെടാൻ ഐ ജി ലക്ഷ്മണ തയ്യാറായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മുന്‍ ഡിജിപി അനില്‍ കാന്തിനെ കാണാന്‍ മോന്‍സണ്‍ മാവുങ്കലിന് അവസരമൊരുക്കിയത് ലക്ഷ്മണ്‍ ആണെന്നാണ് സംഭാഷണത്തില്‍ പറയുന്നത്. ആവശ്യമില്ലാത്തവരെ കൊണ്ടുനടക്കരുതെന്ന് അനിതയോട് ജോസ് പറയുന്നത് ശബ്ദരേഖയിലുണ്ട്. ജോസ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ മോന്‍സണ്‍ മാവുങ്കലുമായി എന്തിന് തിരുവനന്തപുരത്തേക്ക് പോയി എന്ന് അനിത പുല്ലയില്‍ ചോദിക്കുന്നു. ഇത് സംബന്ധിച്ച മെസേജുകളെല്ലാം അവിടെതന്നെയുണ്ടെന്ന് അനിത പറയുന്നു. ‘ലക്ഷ്മണ പറഞ്ഞു എല്ലാം പറഞ്ഞുവച്ചിട്ടുണ്ടെന്ന്. അപ്പോൾ ഞങ്ങൾ പറഞ്ഞു രാവിലെ വരാൻ സമയമില്ലെന്ന്. പന്ത്രണ്ടരയോടെയാണ് ഡിജിപിയുടെ അടുത്തേക്ക് ഞങ്ങൾ പോയത്’ – ജോസ് മാത്യു പനച്ചിക്കൽ പറയുന്നു. പുരാവസ്തുക്കളുടെ ക്ലിയറൻസ് ശരിയാക്കാനാണ് ഡിജിപിയെ കണ്ടതെന്ന് അനിത പുല്ലയിൽ പറയുന്നു.
തിരുവനന്തപുരത്ത് തങ്ങള്‍ പോയപ്പോള്‍ മോന്‍സണ്‍ മാവുങ്കലിനെ കാണുകയായിരുന്നുവെന്ന് ജോസ് പറയന്നു. അയാളാണ് മുന്‍ ഡിജിപി അനില്‍കാന്തിനെ കാണുന്ന കാര്യം പറഞ്ഞത്. അനില്‍കാന്തിനെ കാണാന്‍ ലക്ഷ്മണ അവസരമൊരുക്കിയിട്ടുണ്ടെന്ന് മോന്‍സണ്‍ മാവുങ്കല്‍ പറഞ്ഞു. രാവിലെ വരാന്‍ പറ്റില്ലെന്ന് പറഞ്ഞു. അന്ന് ഉച്ചയോടെയാണ് തങ്ങള്‍ അനില്‍ കാന്തിന്റെ അടുത്തെത്തിയത്. ആദ്യം കയറ്റിവിട്ടില്ല. പിന്നീട് ഐജി ലക്ഷ്മണിന്റെ ആളാണെന്ന് പറഞ്ഞ് മോന്‍സണ്‍ മാവുങ്കല്‍ അകത്ത് കയറാന്‍ അവസരമൊരുക്കുകയായിരുന്നുവെന്നും ജോസ് പറയുന്നുണ്ട്.
മോൺസൺ മാവുങ്കലുമായി ഒരു തരത്തിലും ബന്ധമില്ല, മോൻസന് വേണ്ടി ഇടപെട്ടിട്ടില്ല എന്നിവയായിരുന്നു ജി ലക്ഷ്മണയുടെ വാദം. ഇതിനുവേണ്ടി രാഷ്ട്രീയലക്ഷ്യമിട്ടുള്ള ആക്ഷേപങ്ങളാണ് ലക്ഷ്മണ കഴിഞ്ഞ രണ്ടു ദിവസമായി ഉയർത്തുന്നത്. അതിനായി മുഖ്യമന്ത്രിയുടെ ഓഫീസിനെയടക്കം വലിച്ചിഴക്കുന്നു. ചില സാമ്പത്തിക ഇടപാടുകളിൽ മദ്ധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനും മുഖ്യമന്ത്രിയുടെ ഓഫീസിൽ അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവർത്തിക്കുന്നുയെന്നുവരെ ലക്ഷ്മണ ആക്ഷേപിക്കുന്നു. പുരാവസ്തു തട്ടിപ്പ് കേസിന്റെ അന്വേഷണം ദിശ മാറ്റി രക്ഷപ്പെടാനുള്ള ഗൂഢാലോചനയാണ് ലക്ഷ്മണ നടത്തുന്നത്. ലക്ഷ്മണയെ “വിശുദ്ധനാക്കി” ചില മാധ്യമങ്ങൾ വാർത്ത പൊലിപ്പിച്ചതിനുപിന്നാലെയാണ് പുരാവസ്‌തു തട്ടിപ്പുവീരൻ മോൺസൺ ഐ ജി ലക്ഷ്മണും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത്.
മോൺസണിന്റെ തട്ടിപ്പിനിരയായ ആന്ധ്ര സ്വദേശിനിയെ പരിചയപ്പെടുത്തി കൊടുത്തത് ഐ ജി ലക്ഷ്മണയായിരുന്നു. ഇതേതുടർന്ന് ലക്ഷ്‌മണിനെ 2021 നവംബറിലാണ് ട്രാഫിക് ഐജി പദവിയിൽനിന്ന് സസ്‌പെൻഡ് ചെയ്‌തത്. ഒരുവർഷവും രണ്ടുമാസവും സസ്‌പെൻഷൻതന്നെ തുടർന്നു. ഇതിനിടയിൽ വകുപ്പുതല അന്വേഷണം പൂർത്തിയായതിനാൽ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാൻ സസ്‌പെൻഷൻ റിവ്യു കമ്മിറ്റി ശുപാർശ ചെയ്തു. പിന്നാലെയാണ് പുതിയ ആക്ഷേപങ്ങളുമായി ലക്ഷ്മണ തന്നെ രംഗത്തിറങ്ങിയത്. എന്നാൽ, ഇതിനു ഒരു ദിവസത്തിന്റെ പോലും ആയുസുണ്ടായില്ല.