ഇൻസ്റ്റന്റ് വീഡിയോ മെസേജിങ് ഫീച്ചറുമായി വാട്‌സ്ആപ്പ്

0
161

 

ആൻഡ്രോയിഡിലും ഐ.ഓ.എസിലും ലഭ്യമാകുന്ന ഫീച്ചർ ഉടൻ തന്നെ എല്ലാവർക്കും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു

ഉപയോക്താക്കളുടെ ആശയവിനിമയം എളുപ്പമാക്കാൻ വീഡിയോ മെസേജിങ് ഫീച്ചറുമായി വാട്‌സ് ആപ്പ്. പുതിയ ഫീച്ചർ വഴി ഉപയോക്താക്കൾക്ക് 60 സെക്കന്റ് വീഡിയോകൾ ചിത്രീകരിക്കാനും അത് വാട്‌സ് ആപ്പ് ചാറ്റിൽ പങ്കുവെക്കാനും സാധിക്കും. ആൻഡ്രോയിഡിലും ഐ.ഓ.എസിലും ലഭ്യമാകുന്ന ഫീച്ചർ ഉടൻ തന്നെ എല്ലാവർക്കും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

വൃത്താകൃതിയിലാണ് ഇത്തരം സന്ദേശങ്ങൾ ചാറ്റ് വിൻഡോയിൽ ദൃശ്യമാവുക. ഇങ്ങനെ ലഭിക്കുന്ന മെസേജുകൾ ആദ്യം പ്ലേ ചെയ്യുമ്പോൾ വീഡിയോ കാണാമെങ്കിലും ശബ്ദം കേൾക്കാനാവില്ല. എന്നാൽ ഒന്നു കൂടെ ടാപ് ചെയ്യുമ്പോൾ വീഡിയോടൊപ്പം ശബ്ദം കേൾക്കാനാവും.

വോയിസ് മെസേജിന് സമാനമാണ് ഇൻസ്റ്റന്റ് വീഡിയോ മെസേജിങും. വോയിസ് മെസേജ് റെക്കോർഡ് ചെയ്യുന്നത് പോലെ ഇൻസ്റ്റന്റ് വീഡിയോയും റെക്കോർഡ് ചെയ്യാൻ സാധിക്കും. മറ്റുള്ള ചാറ്റുകൾ പോലെ വീഡിയോ മെസേജിങ്ങും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കും.

ഇൻസ്റ്റന്റ് വീഡിയോ മെസേജിങ് ഫീച്ചർ ഉപയോഗിക്കാനായി മെസേജ് അയക്കേണ്ടയാളുടെ ചാറ്റ് ടാബിലുള്ള മൈക്രോഫോൺ ഐക്കൺ ക്ലിക്ക് ചെയ്യുക. അപ്പോൾ ഈ ഐക്കൺ വീഡിയോ ക്യാമറ ഐക്കണായി മാറും, ഇങ്ങനെ വീഡിയോ റെക്കോർഡ് ചെയ്യാൻ സാധിക്കും.