‘ആറടി മണ്ണില്‍ കുഴിച്ചുമൂടും’; ഷംസീറിനെതിരെ വീണ്ടും കൊലവിളി മുദ്രാവാക്യവുമായി സംഘപരിവാര്‍, പൊലീസ് കേസെടുത്തു

0
125

തലശേരിക്ക് പിന്നാലെ പാലക്കാട് കൊപ്പത്തും കൊലവിളി മുദ്രാവാക്യവുമായി സംഘപരിവാർ. പ്രതിഷേധ പ്രകടനത്തിന്റെ മറവിലാണ് സ്പീക്കർ എ എൻ ഷംസീറിനെതിരെ കൊലവിളി മുഴക്കിയത്. മുസ്ലിംലീഗ് പ്രവർത്തകർക്കെതിരെയും ഭീഷണിയും കൊലവിളിയുമുണ്ടായി. ‘ഹിന്ദുത്വത്തെ അവഹേളിച്ചാല്‍ ജിന്ന കിടക്കും ആറടി മണ്ണില്‍ പള്ളിപറമ്പില്‍ കുഴിച്ചുമൂടും’ എന്നായിരുന്നു കൊലവിളി. സ്പീക്കർ ഷംസീറിന്റെ പേരെടുത്ത് വിളിച്ചും ഭീഷണി മുഴക്കി. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ സംഘപരിവാറുകാർ പാണക്കാട് കുടുംബത്തിനെതിരെയും മുദ്രാവാക്യം മുഴക്കി. മുദ്രാവാക്യം വിളിക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തില്‍ പട്ടാമ്പി പൊലീസ് കേസെടുത്തു.

സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം പി ജയരാജനും സ്പീക്കര്‍ എ എന്‍ ഷംസീറിനുമെതിരെ കഴിഞ്ഞ ദിവസം തലശേരിയിൽ സംഘപരിവാർ പ്രവർത്തകർ കൊലവിളി മുദ്രാവാക്യം മുഴക്കിയിരുന്നു. ഇരുവരുടേയും കയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്നായിരുന്നു ഭീഷണി. തലശേരി തലശ്ശേരിക്കടുത്തുള്ള മാഹി പള്ളൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു പ്രകോപന മുദ്രാവാക്യം വിളിച്ചത്. കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സംഘ്പരിവാറുകാരാണ് തലശേരിയിൽ കൊലവിളി മുഴക്കിയത്. ബിജെപി നേതാക്കളായ കെ സുരേന്ദ്രൻ, സന്ദീപ് വാര്യർ തുടങ്ങിയവർ പരസ്യമായി ഭീഷണി മുഴക്കിയതിനു പിന്നാലെയായിരുന്നു സംഘപരിവാറിന്റെ കൊലവിളി മുദ്രാവാക്യ പ്രകടനം.

ഗണപതിയെ അപമാനിച്ച് സംസാരിച്ചുവെന്നാരോപിച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേശൻ ഷംസീറിന്റെ കൈവെട്ടുമെന്ന് ഭീഷണി മുഴക്കി പ്രസംഗിച്ചിരുന്നു. ഇതിനുപിന്നാലെ അതിശക്തമായ മറുപടിയുമായി പി ജയരാജനും രംഗത്തുവന്നു. ഷംസീറിനെ തൊട്ടാൽ തൊടുന്ന യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്ന് ജയരാജനും തിരിച്ചടിച്ചു. ഇതിനുപിന്നാലെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യുവമോർച്ച-സംഘപരിവാർ നേതാക്കളും പ്രവർത്തകരും കൊലവിളി മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്.