“ഇന്റലിജൻസ് ഇന്റലിജന്റാകും, വിജിലൻസിൽ വിജിലന്റ് കൂടും”; തലപ്പത്തേക്ക് അതിശക്തരായ പൊലീസുദ്യോഗസ്ഥർ

0
99

കേരള പൊലീസിലെ അതിശക്തരായ രണ്ടു ഉദ്യോഗസ്ഥരാണ് വിജിലൻസിലും ഇന്റലിജൻസിലും പുതിയ മേധാവിമാരായി എത്തുന്നുവെന്നത് സംസ്ഥാന പൊലീസ് സേനയെ കൂടുതൽ കാര്യക്ഷമമാക്കുമെന്നുറപ്പ്. ക്രിമിനലുകളോടും വർഗീയ-വിഭാഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരോടും അഴിമതിക്കാരോടും കൈക്കൂലിക്കാരോടും ഒരു വീട്ടുവീഴ്ചയും ദാക്ഷിണ്യവും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഏറ്റവും സുപ്രധാനമായ സ്ഥാനങ്ങളിൽ അതിശക്തരായ രണ്ടു പൊലീസുദ്യോഗസ്ഥർ എത്തുന്നത്.

വിജിലൻസ് ഡയറക്ടറായി ടി കെ വിനോദ്‌കുമാറിനെയും ഇന്റലിജൻസ് മേധാവിയായി മനോജ് എബ്രഹാമിനെയും നിയമിച്ചത് സംസ്ഥാന പൊലീസിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ സാധിക്കും.

സംസ്ഥാന ഇന്റലിജൻസിന്റെ കരങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മനോജ് എബ്രഹാമിനെ പുതിയ ഇന്റലിജൻസ് മേധാവിയായി നിയമിച്ചത്. നേരത്തെ വിജിലൻസ് ഡയക്ടറായിരിക്കെ അഴിമതിക്കാരെ കൂച്ചുവിലങ്ങിട്ട നിർത്താൻ ഇദ്ദേഹത്തിന് സാധിച്ചു. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെപ്പറ്റി പരാതി ലഭിക്കുന്ന ആദ്യഘട്ടത്തിൽ തന്നെ ഇത്തരം ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും അവരെ പിടികൂടാനും കഴിഞ്ഞു. ജനപ്രതിനിധിയെന്ന പ്രിവിലേജുമായി വിദേശഫണ്ട് മുക്കിയ ചില ഉന്നതർക്കെതിരെ അന്വേഷണം ആരംഭിച്ചത് ഒട്ടൊന്നുമല്ല ചില കേന്ദ്രങ്ങളെ വിറളി പിടിപ്പിച്ചിട്ടുള്ളത്.

സേനയിലെ ശക്തനായ ഉദ്യോഗസ്ഥനെന്ന് പേര് കേട്ട ടി കെ വിനോദ്‌കുമാർ ഇന്റലിജൻസ് മേധാവിയായിരിക്കെ കർക്കശമായ നിലപാടുകളാണ് കൈക്കൊണ്ടിരുന്നത്. കഴിഞ്ഞ ഏഴുവർഷമായി ഒരു കലാപം പോലും കേരളത്തിലുണ്ടായിട്ടില്ല. ഇത്തരം നീക്കം ഏതെങ്കിലും കേന്ദ്രങ്ങളിൽ നിന്നുണ്ടായാലും അത് മുളയിലേ നുള്ളാൻ ഇന്റലിജൻസിന് സാധിച്ചു. അടുത്തിടെ ചില ശക്തികൾ സമൂഹ മാധ്യമങ്ങളിലും പുറത്തും ചില നീക്കങ്ങൾക്ക് കോപ്പ് കൂട്ടിയെങ്കിലും അതിനെയെല്ലാം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തി തകർക്കാൻ സംസ്ഥാന പൊലീസിനായി.

ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കുന്ന ടികെ വിനോദ് കുമാറിന് വിജിലന്‍സ് ഡയറക്ടറായി നിയമനം നൽകി ഉത്തരവിറങ്ങി. കൊച്ചി കമ്മീഷണര്‍ സേതുരാമനും മാറ്റം. എ അക്ബര്‍ കൊച്ചി കമ്മീഷണറാകും. സേതുരാമന്‍ ഉത്തര മേഖല ഐജിയാകും. നേരത്തെ ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാര്‍ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തെ ചുമതല നല്‍കി. മനോജ് എബ്രഹാം ഇന്റലിജന്‍സ് എഡിജിപിയാകും. കെ പത്മകുമാറിനെ ജയില്‍ മേധാവി സ്ഥാനത്തു നിന്നും മാറ്റി. ഫയര്‍ ഫോഴ്‌സിലേക്കാണ് മാറ്റം. ബല്‍റാം കുമാര്‍ ഉപാധ്യായ ആണ് പുതിയ ജയില്‍ മേധാവി. എം ആര്‍ അജിത് കുമാറിന് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.