ഗുജറാത്തില്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം; 125 രോഗികളെ ഒഴിപ്പിച്ചു

0
153

ഗുജറാത്തിലെ അഹമ്മദാബാദില്‍ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ വന്‍ തീപിടിത്തം. 125 രോഗികളെ ഒഴിപ്പിച്ചു. സാഹിബോഗിലുള്ള രാജസ്ഥാന്‍ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4.30ഓടെയാണ് തിപിടുത്തമുണ്ടായത്. ആശുപത്രിയുടെ താഴത്തെ നിലയില്‍ നിന്ന് പുക ഉയര്‍ന്നതിനു പിന്നാലെയാണ് തീപിടിത്തമുണ്ടായത്. ആളപായം ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ‘എൻഡിടിവി’ റിപ്പോർട്ട് ചെയ്തു.

അഗ്‌നിരക്ഷാ പ്രവര്‍ത്തകര്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പടർന്നയുടൻ തന്നെ നൂറിലേറെ രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റിയതായി സാഹിബോഗ് ഇൻസ്‌പെക്ടർ എം ഡി ചമ്പാവത്ത് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആശുപത്രിയിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നുണ്ട്. ഇതിനായി ഏറ്റവും താഴത്തെ നിലയിൽ സാധനസാമഗ്രികൾ ഇറക്കിയിട്ടുണ്ട്. ഇതിൽ നിന്നാകാം തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.