ഷാജൻ സ്കറിയയ്ക്കെതിരായ കേസ്: സൈബർ ക്രൈം പൊലീസിൽ മൊഴി നൽകിയെന്ന് പി വി അൻവർ എംഎൽഎ

0
113

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്കെതിരായ പുതിയ കേസില്‍ സൈബർ ക്രൈം പൊലീസ് തന്‍റെ മൊഴി രേഖപ്പെടുത്തിയെന്ന് പി വി അൻവർ എംഎൽഎ. പൊലീസിന്‍റെ വയർലെസ് സംവിധാനം ചോർത്തിയ കേസ് ഗൗരവതരമാണ്. ദേശസുരക്ഷയെ അടക്കം ബാധിക്കുന്ന കുറ്റകൃത്യമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിലും മറുപടി ലഭിച്ചിട്ടുണ്ട്. വർഗീയതയ്ക്ക് വളം വയ്ക്കാനും ശക്തികൂട്ടാനും ചില യൂട്യൂബർമാർ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. ശക്തമായ പൊലീസ് നടപടിയിലൂടെ മാത്രമേ ഇത്തരം ശക്തികളെ നിയന്ത്രിക്കാൻ കഴിയുകയുള്ളൂവെന്നും ഇവർക്കെതിരെ ജനകീയ പ്രതിരോധമുണ്ടാകണമെന്നും പി വി അന്‍വര്‍ പ്രതികരിച്ചു.
പൊലീസ് സേനയുടെ വയര്‍ലെസ് ചോർത്തിയെന്ന പരാതിയിൽ ഷാജൻ സ്കറിയക്കെതിരെ തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് കേസെടുത്തിരുന്നു. ഔദ്യോഗിക രഹസ്യ നിയമം, ടെലിഗ്രാഫ് ആക്‌ട്, ഐടി ആക്‌ട് എന്നിവ പ്രകാരമാണ് കേസ്. പി വി അന്‍വര്‍ എംഎല്‍എ യുടെ പരാതിയിലാണ് കേസ്.
രണ്ടാഴ്ച മുമ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് പി വി അൻവർ പരാതി നൽകിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്കും ഇ മെയില്‍ വഴി പരാതി അയച്ചിരുന്നു. സംസ്ഥാന പൊലീസ് സേന, മറ്റ് കേന്ദ്ര സേനകള്‍ എന്നിവയുടെ വയര്‍ലെസ് സന്ദേശങ്ങള്‍, ഫോണ്‍ സന്ദേശങ്ങള്‍, ഇ-മെയില്‍ എന്നിവ ഹാക്ക് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇയാളുടെ പക്കലുണ്ടെന്നും അത് പരിശോധിക്കണമെന്നും അന്‍വര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.