സംസ്ഥാന പൊലീസിന്റെയടക്കം വയര്‍ലെസ് സന്ദേശങ്ങൾ ചോർത്തി, ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ വീണ്ടും കേസ്

0
291

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ പൊലീസ് വീണ്ടും കേസെടുത്തു. ഔദ്യോഗിക രഹസ്യനിയമം, ടെലിഗ്രാഫ് ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്. പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.

സംസ്ഥാന പൊലീസിന്റെയടക്കം വയര്‍ലെസ് സന്ദേശങ്ങൾ ചോർത്തിയെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുമ്പ് പി വി അൻവർ എംഎൽഎ സംസ്ഥാന പൊലീസ് മേധാവി ഷെയ്‌ഖ്‌ ദർവേഷ്‌ സാഹിബിന്‌ നേരിട്ട് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്കും പരാതിയുടെ പകർപ്പ് കൈമാറിയിരുന്നു. ഇതിനുപുറമെ, പ്രധാനമന്ത്രിക്കും ഇ-മെയില്‍ വഴി പരാതി അയച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്ക് പരാതി അയച്ചത്.

സംസ്ഥാന പൊലീസ് സേന, മറ്റ് കേന്ദ്ര സേനകള്‍ എന്നിവയുടെ വയര്‍ലെസ് സന്ദേശങ്ങള്‍, ഫോണ്‍ സന്ദേശങ്ങള്‍, ഇ മെയില്‍ എന്നിവ ഹാക്ക് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഷാജന്റെ പക്കലുണ്ടെന്നും അത് പരിശോധിക്കണമെന്നും അന്‍വര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, മുതിർന്ന ഇന്റലിജൻസ്‌ ഉദ്യോഗസ്ഥർ, മുഖ്യമന്ത്രി, പ്രമുഖ വ്യവസായികൾ, ഹൈക്കോടതി ജഡ്‌ജിമാർ തുടങ്ങിയവരുടെ സംഭാഷണങ്ങൾ ചോർത്തിയതായി സംശയിക്കുന്നുവെന്നും പരാതിയിലുണ്ട്. ഈ സാഹചര്യത്തിൽ സമഗ്ര അന്വേഷണം അനിവാര്യമാണെന്നും വിഷയം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും പരാതിയിൽ പറഞ്ഞിരുന്നു.

ഷാജന്റെയും കുടുംബത്തിന്റെയും ബിസിനസ്‌ പങ്കാളികളുടെയും അക്കൗണ്ടിലേക്ക്‌ വിദേശ പണം വന്നിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ വിദേശ ഇടപാടുകളെക്കുറിച്ച്‌ അന്വേഷിക്കണം. പൊലീസിന്റെ വയർലെസ്‌ സന്ദേശങ്ങൾ ചോർത്താൻ ഷാജൻ സ്‌കറിയ മഹാരാഷ്‌ട്രയിലെ സംവിധാനങ്ങൾ ഉപയോഗിച്ചെന്ന് പി വി അൻവർ ആരോപിച്ചു.

വയർലെസ്‌ സന്ദേശങ്ങൾ ചോർത്തിയെടുക്കാനാവശ്യമായ മെഷീനുകൾ വാങ്ങാൻ കൊല്ലം ജില്ലയിലെ ഒരു വ്യവസായി ഷാജൻ സ്കറിയക്ക് 50 ലക്ഷം രൂപ നൽകിയിട്ടുണ്ട്‌. സംസ്ഥാന പൊലീസ്‌ സേന, മറ്റ്‌ കേന്ദ്രസേനകൾ എന്നിവയുടെ വയർലെസ്‌ സന്ദേശങ്ങളും ഫോൺ സന്ദേശങ്ങളും ഇ–- മെയിലും ഹാക്ക്‌ ചെയ്യാനുള്ള സംവിധാനങ്ങളുണ്ട്‌. പുണെയിലെ രഹസ്യകേന്ദ്രത്തിലാണ്‌ ഈ സംവിധാനങ്ങളുള്ളത്‌. ഷാജന്റെ സഹോദരങ്ങളായ ഷോജൻ, സോജൻ എന്നിവരാണ്‌ ഇത്‌ കൈകാര്യം ചെയ്യുന്നത്‌. തിരുവനന്തപുരത്തുള്ള ഒരു സുഹൃത്താണ്‌ ഇതുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ സൂക്ഷിക്കുന്നത്‌. ഷാജന്റെ ഭാര്യയും കേന്ദ്ര സർവീസ്‌ ജീവനക്കാരിയുമായ ബോബി അലോഷ്യസ്‌ യുകെയിൽ താമസിച്ച്‌ രഹസ്യ സന്ദേശങ്ങൾ പാകിസ്ഥാനടക്കമുള്ള രാജ്യങ്ങൾക്ക്‌ കൈമാറി പണം സമ്പാദിക്കുന്നതിനുള്ള കേന്ദ്രബിന്ദുവായി പ്രവർത്തിക്കുന്നതായും പി വി അൻവർ പരാതിയിൽ പറഞ്ഞു.

ബി എസ് എൻ എല്ലിന്റെ വ്യാജ ടെലഫോണ്‍ ബില്‍ നിർമിച്ച സംഭവത്തിലും ഷാജനെതിരെ തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബി എസ് എൻ എല്ലിന്റെ വ്യാജ ടെലഫോണ്‍ ബില്‍ നിർമിച്ച് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയെന്നാണ് ആക്ഷേപം. കമ്പനി ഇന്‍കോര്‍പ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായിരുന്നു വ്യാജരേഖ നിര്‍മ്മാണം. വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ ഉപയോഗിക്കല്‍ ഉള്‍പ്പടെ ജാമ്യമില്ലാക്കുറ്റം ആണ് ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ ചുമത്തിയത്.