കണ്ണീരോടെ യാത്രാമൊഴി… ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു

0
160

ആലുവയിൽ ലൈം​ഗികപീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക് കണ്ണീരോടെ വിട. നാടൊന്നാകെ ഒഴുകിയെത്തിയ സംസ്‌കാരച്ചടങ്ങിൽ ഹൃദയഭേദകമായ രംഗങ്ങളുണ്ടായി. അലമുറയിട്ട് കരയുന്ന അമ്മയും വിതുമ്പി നിൽക്കുന്ന അച്ഛനും കണ്ണീർക്കാഴ്ചയായി. മാതാപിതാക്കളും നാട്ടുകാരും കൂട്ടുകാരും അന്ത്യാഞ്ജലി അർപ്പിച്ചശേഷം കീഴ്മാട് പഞ്ചായത്ത് പൊതുശ്‌മശാനത്തിലായിരുന്നു സംസ്ക്കാരം. ഭോജ്പുരി ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. ക്രൂരമായി കൊലചെയ്യപ്പെട്ട കുരുന്നിന് കണ്ണീരണിഞ്ഞാണ് നാട് യാത്രാമൊഴിയേകിയത്.

കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി ആലുവ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ ഏഴരയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് കുട്ടി പഠിച്ചിരുന്ന തയ്ക്കാട്ടുകര സ്‌കൂളില്‍ പൊതുദർശനത്തിനു വെച്ചു. സഹപാഠികളും അധ്യാപകരും സ്കൂളിൽ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. നിരവധിപേരാണ് കുട്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി സ്കൂളിലും ശ്മശാനത്തിലും എത്തിയത്. കുട്ടി പഠിച്ച ക്ലാസ് മുറിയിലാണ് പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കിയത്. അധ്യാപകരും സഹപാഠികളും അടക്കം അവസാനമായി അവളെ കാണാന്‍ സ്‌കൂളിലെത്തി.

കേസിൽ അറസ്റ്റിലായ പ്രതി ബിഹാർ പരാരിയ സ്വദേശി അസ്ഫാഖ് ആലത്തെ (28) ഇന്ന് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും. ഇയാൾക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങൾക്കു പുറമേ ‘പോക്സോ’ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. ഇന്നലെയാണ് ആലുവയിൽ അഞ്ചുവയസുകാരിയെ അതിക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് ഇയാൾ പെൺകുട്ടിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ട് പോയത്. പിന്നീട് പെൺകുഞ്ഞിനെ കണ്ടെത്തുന്നത് ആലുവ മാർക്കറ്റിനുള്ളിൽ ചേതനയറ്റ മൃതദേഹമായിട്ടാണ്. പ്രതി അസ്ഫക് കുഞ്ഞിനെ അതിക്രൂര പീഡനത്തിനിരയാക്കിയിരുന്നു. കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗങ്ങളിലും ആന്തരീകാവയവങ്ങളിലും ​ഗുരുതരമുറിവുകളാണ് കണ്ടെത്തിയത്. ബലപ്രയോ​ഗത്തിനിടെ ആ കുഞ്ഞുശരീരം മുഴുവൻ മുറിവുകളുണ്ടായിരുന്നു. കൊല നടത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30 യോടെയെന്ന് പ്രതി പൊലീസിന് മൊഴി നൽകി. ശനിയാഴ്ച ഉച്ചയോടെയാണ് കുഞ്ഞിന്റെ മൃതദേഹം ലഭിക്കുന്നത്.