തടി കുറച്ചതിന്റെ രഹസ്യം പങ്കുവച്ച് സയേഷ

0
113

വിവാഹത്തോടെ അഭിനയലോകം വിടുന്നവരാണ് ഭൂരിഭാഗം നടിമാരും. അവരില്‍നിന്നു വ്യത്യസ്തയാണ് സയേഷ സൈഗാള്‍. വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന സയേഷ പ്രസവശേഷവും അധികം വൈകാതെതന്നെ അഭിനയത്തിലേക്കു തിരികെയെത്തി. തെന്നിന്ത്യന്‍ നടന്‍ ആര്യയാണ് സയേഷയുടെ ഭര്‍ത്താവ്. പ്രസവശേഷം താന്‍ തടികുറച്ചതിന്റെ രഹസ്യം പങ്കുവച്ചിരിക്കുകയാണ് താരം. 25 കിലോയോളമാണ് സയേഷ കുറച്ചത്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.

വണ്ണം കുറച്ചതിനെക്കുറിച്ച് പലരും ചോദിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാമുള്ള മറുപടിയാണ് എന്റെ വീഡിയോ. ഗര്‍ഭിണിയാകുമ്പോള്‍ എന്റെ ഭാരം 65 കിലോയായിരുന്നു. പ്രസവസമയം ആയപ്പോഴേക്കും 85 കിലോയോളം എത്തി. 25 കിലോയോളാണ് കൂടിയത്. മകള്‍ക്ക് ജന്മം നല്‍കിയ ശേഷം വണ്ണം കുറയ്ക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഒറ്റരാത്രി കൊണ്ടല്ല 25 കുറച്ച് പഴയ അവസ്ഥയിലേക്ക് എത്തിയത്. പ്രസവശേഷം തടി കുറയ്ക്കുക എന്നത് സമയമെടുക്കുന്ന കാര്യമാണ്.

ജിമ്മില്‍ പോകാനും വര്‍ക്കൗട്ട് തുടങ്ങാനും രണ്ട് വര്‍ഷം എടുത്തു. ആ സമയത്ത് ശരീരത്തിന്റെ ശക്തി കുറഞ്ഞിരിക്കുകയാണ്. അത് വീണ്ടെടുക്കാന്‍ സമയം വേണം. കലോറി കുറഞ്ഞ ഭക്ഷണമായിരുന്നു ഈ സമയങ്ങളില്‍ കഴിച്ചിരുന്നത്. പുതിയ സിനിമയിലേക്കു വേണ്ടി ഭാരം കുറയ്ക്കുന്നതില്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. അതിനാല്‍ ചിത്രീകരണത്തിന്റെ ഒരു മാസം മുമ്പ് ഡയറ്റ് കര്‍ശനമാക്കി. വര്‍ക്കൗട്ടും ആരംഭിച്ചു. അമ്മയും ആര്യയും കൂടെതന്നെയുണ്ടായിരുന്നു. എങ്കിലും കുഞ്ഞിന്റെ ഉത്തരവാദിത്തം പൂര്‍ണമായും എന്റേതായിരുന്നു. രാത്രി മകള്‍ ഉറങ്ങിയശേഷമായിരുന്നു മിക്കപ്പോഴും വര്‍ക്കൗട്ട് ചെയ്തിരുന്നത്. ഒരു മാസം രാത്രിയും പകലുമില്ലാതെ കഷ്ടപ്പെട്ടു – സയേഷ പറഞ്ഞു.