ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ടി വി ചന്ദ്രന്

0
107

മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2022ലെ ജെ സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ടി വി ചന്ദ്രന്. പുരസ്കാരത്തിനായി ടി വി ചന്ദ്രനെ​ തെരഞ്ഞെടുത്തതായി സാംസ്‌കാരികമന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.

2021ലെ ജെ സി ഡാനിയേൽ അവാർഡ് ജേതാവും സംവിധായകനുമായ കെ പി കുമാരൻ ചെയർമാനും, നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ, നടിയും സംവിധായികയുമായ രേവതി എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

മലയാളത്തിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് കരുത്തു പകർന്ന സംവിധായകനാണ് ടി വി ചന്ദ്രൻ എന്ന് ജൂറി അഭിപ്രായപ്പെട്ടു.1975ൽ ‘കബനീനദി ചുവന്നപ്പോൾ’ എന്ന ചിത്രത്തിലൂടെ അഭിനേതാവായി ചലച്ചിത്രരംഗത്ത് എത്തിയ ടി വി ചന്ദ്രൻ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, നടൻ എന്നീ നിലകളിൽ അരനൂറ്റാണ്ടുകാലമായി നല്ല സിനിമയ്‌ക്കൊപ്പം ഉറച്ച നിലപാടുകളുമായി നിലകൊള്ളുന്നു. മനുഷ്യവിമോചനത്തിനായുള്ള പുരോഗമന രാഷ്ട്രീയ നിലപാടുകളും ശക്തമായ സ്ത്രീപക്ഷ സമീപനങ്ങളും വെച്ചുപുലർത്തുന്ന 15 മലയാള സിനിമകളും രണ്ടു തമിഴ് സിനിമകളും ഒരുക്കി ദേശീയ, അന്തർദേശീയ ബഹുമതികളിലൂടെ മലയാള സിനിമയുടെ യശസ്സുയർത്തിയ ചലച്ചിത്രകാരനാണ് ടി വി ചന്ദ്രനെന്ന് ജൂറി കൂട്ടിച്ചേർത്തു.

1993ൽ മികച്ച സംവിധായകനുള്ള ദേശീയപുരസ്‌കാരം ഉൾപ്പെടെ ഏഴ് ദേശീയ അവാർഡുകളും 10 കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും നേടി. ഒമ്പത് ചിത്രങ്ങൾ ഇന്ത്യൻ പനോരമയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം സംവിധാനം ചെയ്ത ‘ആലീസിന്റെ അന്വേഷണം’ ലൊകാർണോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗോൾഡൻ ലെപ്പേർഡ് അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു. പൊന്തൻമാട, മങ്കമ്മ, ഡാനി, ഓർമ്മകളുണ്ടായിരിക്കണം, പാഠം ഒന്ന് ഒരു വിലാപം, സൂസന്ന, കഥാവശേഷൻ, ആടുംകൂത്ത്, ഭൂമിമലയാളം എന്നിവയാണ് വിവിധ വിഭാഗങ്ങളിൽ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ച സിനിമകൾ. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന 30ാമത്തെ വ്യക്തിയാണ് ടി വി ചന്ദ്രൻ.

1950 നവംബർ 23ന് തലശേരിയിൽ ജനിച്ചു. അച്ഛൻ മുരിക്കോളി കണ്ണോത്ത് നാരായണൻ നമ്പ്യാർ, അമ്മ കാർത്ത്യായനി അമ്മ. മുഴുപ്പിലങ്ങാട് കടമ്പൂർ എൽ പി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, കോഴിക്കോട് ഫറൂഖ് കോളേജ് എന്നിവിടങ്ങളിൽനിന്ന് ഉന്നതവിദ്യാഭ്യാസം നേടിയ ശേഷം ബംഗളുരുവിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടർന്ന് റിസർവ് ബാങ്കിൽ ജോലി ലഭിച്ചു. റിസര്‍വ് ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സിനിമാലോകത്തേക്ക് കടന്നുവന്നത്. വിഖ്യാത സംവിധായകന്‍ പി എ ബക്കറിന്റെ അസിസ്റ്റന്റായാണ് സിനിമയിലെ തുടക്കം.

1981ൽ സ്വന്തം നിർമ്മാണത്തിൽ സംവിധാനം ചെയ്ത ‘കൃഷ്ണൻകുട്ടി’യാണ് ആദ്യ ചിത്രം. ‘ഹേമാവിൻ കാതലർകൾ’ എന്ന രണ്ടാമത്തെ ചിത്രം തമിഴിലാണ് ചെയ്തത്. തുടർന്ന് ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനിൽനിന്ന് ലോണെടുത്ത് ‘ആലീസിന്റെ അന്വേഷണം’ നിർമ്മിച്ചു. സിനിമകൾക്കു പുറമെ മൂന്ന് ഡോക്യുമെന്ററികളും മൂന്ന് ഹ്രസ്വചിത്രങ്ങളും ഒരു ടെലിസീരിയലും സംവിധാനം ചെയ്തിട്ടുണ്ട്. മൂന്നു ചിത്രങ്ങളിൽ അഭിനേതാവായി. ഭാര്യ രേവതി. മകൻ യാദവൻ.