ഇൻസ്റ്റാഗ്രാമിൽ റീൽസ് എടുക്കണം; ഐ ഫോണിനായി കുഞ്ഞിനെ വിറ്റ് ദമ്പതികൾ

0
139

ഒരു ഇൻസ്റ്റാഗ്രാം റീൽസിനായി പലരും ലക്ഷ്യങ്ങൾ വിലമതിക്കുന്ന ക്യാമറകളും ഐഫോണുകളുമാണ് ഉപയോഗിക്കുന്നത്. എന്നാൽ എല്ലാവർക്കും ഐഫോൺ വാങ്ങാൻ സാധിക്കണമെന്നില്ല. ലോണും ഇഎംഐയും എടുത്താണ് പലരും ഐഫോൺ വാങ്ങുന്നത്. പക്ഷേ ഐഫോൺ വാങ്ങാനായി നൊന്തു പ്രസവിച്ച കുഞ്ഞിനെ വിൽക്കുന്ന മനുഷ്യരെ നിങ്ങൾ കണ്ടിട്ടുണ്ടോ?

പശ്ചിമ ബംഗാളിലാണ് ഞെട്ടിപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമായ സംഭവം അരങ്ങേറിയത്. ഐഫോൺ വാങ്ങാനുള്ള പണം കണ്ടെത്താനായി ദമ്പതികൾ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. നോർത്ത് 24 പാർഗാന ജില്ലയിലാണ് സംഭവം. സതി-ജയദേവ് ദമ്പതികളാണ് സ്വന്തം കുഞ്ഞിനെ വിറ്റത്. ഇൻസ്റ്റഗ്രാം റീൽസ് ചെയ്യാനാണ് ദമ്പതികൾ ഐഫോൺ സ്വന്തമാക്കിയത്. ഇവരുടെ അയൽവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. കുട്ടിയെ പെട്ടെന്ന് കാണാതായത് അയൽക്കാരിൽ സംശയമുളവാക്കിയിരുന്നു. അതിന് ശേഷം വിചിത്രമായ രീതിയിലാണ് ദമ്പതികൾ പെരുമാറിയത്. ഇതും അയൽക്കാരുടെ സംശയത്തിന് ബലമേകി.

സാമ്പത്തിക ഞെരുക്കത്തിലായിരുന്ന കുടുംബമായിരുന്നു ഈ ദമ്പതികളുടേത്. എന്നാൽ പെട്ടെന്നാണ് ഇവരുടെ കൈയ്യിൽ വില കൂടി ഐഫോൺ കണ്ടത്. തുടർന്ന് കുട്ടിയെപ്പറ്റി നാട്ടുകാർ ഇവരോട് ചോദിച്ചതോടെയാണ് പണത്തിനായി കുട്ടിയെ വിറ്റ വിവരം ദമ്പതികൾ വെളിപ്പെടുത്തിയത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ സതി കുഞ്ഞിനെ വാങ്ങിയ യുവതി പ്രിയങ്ക ഘോഷ് എന്നിവർ അറസ്റ്റിലായി. അച്ഛൻ ജയദേവ് ഒളിവിലാണ്. പിതാവിന് വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു. 8 വയസ്സ് പ്രായമുള്ള മകളെയും ഇവർ വിൽക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ്. ദമ്പതികൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ആരോപണമുണ്ട്.