ചാന്ദ്നിയെ കൊന്നതുതന്നെയെന്ന് സമ്മതിച്ച് അസ്‌ഫാഖ്‌, ശരീരഭാഗങ്ങൾ ഒടിച്ചുമടക്കി ചാക്കിൽ കെട്ടി തള്ളി

0
206

ആലുവയില്‍ അഞ്ചു വയസുകാരി ചാന്ദ്നികുമാരിയെ താൻ കൊലപ്പെടുത്തിയതാണെന്ന് പ്രതി അസ്ഫാഖ് ആലം സമ്മതിച്ചു. മൃതദേഹം മാർക്കറ്റിനടുത്ത് ഉപേക്ഷിവെന്നും പ്രതി മൊഴി നൽകിയതായി ആലുവ റൂറൽ എസ് പി വിവേക് പറഞ്ഞു. കുട്ടിയെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ശരീരഭാഗങ്ങൾ ഒടിച്ചുമടക്കി ചാക്കിനകത്ത് തള്ളിക്കെട്ടി. ശേഷം മറ്റൊരു ചാക്കിട്ട് മൂടി കല്ലുവച്ച നിലയിലായിരുന്നു. പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കന്നുകാലികളെ കെട്ടുന്ന ചന്തക്ക് സമീപത്താണ് മൃതദേഹം ചാക്കിൽ കെട്ടി തള്ളിയത്. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു.

പണം വാങ്ങിച്ച് പെൺകുട്ടിയെ മറ്റൊരാൾക്ക് കൈമാറി എന്നായിരുന്നു കൂടിയെ തട്ടിക്കൊണ്ടുപോയ പ്രതി അസ്ഫാഖ് ആലം ഇന്നലെ പൊലീസിനോടു പറഞ്ഞിരുന്നത്‌. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് അസ്ഫാഖ് പൊലീസിനോട് പറഞ്ഞിരുന്നത്. ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും മദ്യലഹരിയില്‍ ആയതുകൊണ്ട് പെണ്‍കുട്ടിയെ സംബന്ധിച്ച് കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. ശനിയാഴ്ച മദ്യലഹരി ഇറങ്ങിയശേഷം വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ചാന്ദ്നിയെ കൊന്നതാണെന്ന് അസ്ഫാഖ് സമ്മതിച്ചതെന്നും റൂറൽ എസ് പി പറഞ്ഞു. കുട്ടിയെ ജ്യൂസ് നല്‍കിയാണ് കൂട്ടിക്കൊണ്ടുപോയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ശനിയാഴ്ച പകൽ പതിനൊന്നരയോടെയാണ് കുട്ടിയുടെ മൃതദേഹം ആലുവ മാർക്കറ്റിന് സമീപം കണ്ടെത്തിയത്. 20 മണിക്കൂറിലേറെയായി ഈ അഞ്ചര വയസുകാരിക്ക് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു പൊലീസ്. വെള്ളിയാഴ്ച വൈകിട്ട് 3.30 യോടെയാണ് ആലുവ കെഎസ്ആര്‍ടിസി ഗാരേജിന് സമീപം മുക്കത്ത് പ്ലാസയില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശിയുടെ മകളായ ചാന്ദ്നിയെ അസ്ഫാഖ് ആലം തട്ടിക്കൊണ്ടു പോയത്. ഇയാള്‍ കുട്ടിയുമായി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ തോട്ടക്കാട്ടുകരയിൽനിന്നും അസ്ഫാഖിനെ പിടികൂടി.

വെള്ളിയാഴ്ച വൈകിട്ട് കുട്ടികള്‍ കളിക്കുമ്പോള്‍ അസ്ഫാഖ് സ്ഥലത്തുണ്ടായിരുന്നുവെന്ന് സമീപവാസി പറഞ്ഞു. ഇയാൾ സ്ഥിരമദ്യപാനിയാണെന്നും മുന്‍പരിചയമില്ലെന്നും സമീപവാസി കൂട്ടിച്ചേർത്തു. കുട്ടിയുടെ അമ്മ ഉണങ്ങാനിട്ട തുണിയെടുക്കാന്‍ പോയ സമയത്താണ് ചാന്ദ്നിയെ തട്ടികൊണ്ടുപോയതെന്നാണ് വിവരം. രണ്ട് ദിവസം മുമ്പാണ് ഇയാള്‍ ഇവിടെ താമസം തുടങ്ങിയത്. ഇവിടെ വന്ന രണ്ടുദിവസങ്ങളിലും ഇയാൾ മുഴുവന്സമയവും മദ്യലഹരിയിലായിരുന്നു.

അതിനിടെ, കൊല്ലപ്പെട്ട ചാന്ദ്‌നിയേയും പ്രതിയേയും ആലുവ മാര്‍ക്കറ്റിന് സമീപം ഇന്നലെ കണ്ടിരുന്നതായി ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി മാധ്യമങ്ങളോട് പറഞ്ഞു. വൈകിട്ട് മൂന്ന് മണിയോടെയാണ് പ്രതിയും കുട്ടിയും ഇവിടെ എത്തിയത്. കുട്ടിയുടെ കൈവശം മിഠായിയും മറ്റുമുണ്ടായിരുന്നു. സംശയം തോന്നി ചോദിച്ചപ്പോള്‍ കുട്ടി തന്റെ മകളാണെന്നാണ് പറഞ്ഞതെന്നും ചുമട്ടുതൊഴിലാളി പറഞ്ഞു. അസ്വാഭാവികമായി ഒരു കുട്ടിയെ കണ്ടതോടെയാണ് തങ്ങള്‍ അവിടെ എത്തിയതെന്ന് ചുമട്ടുതൊഴിലാളി പറഞ്ഞു. അയാള്‍ക്ക് മലയാളം അറിയാമായിരുന്നു.

കുട്ടിയെപ്പറ്റി ചോദിച്ചപ്പോള്‍ മകളാണെന്ന് പറഞ്ഞു. കുട്ടി ചിരിച്ചും കളിച്ചുമായിരുന്നു നിന്നിരുന്നത്. അതുകൊണ്ടുതന്നെ സംശയം തോന്നിയില്ല. കുട്ടിയുടെ ഭാഷ തനിക്ക് മനസിലായില്ല. ഇതിന് ശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഇതിന് ശേഷം പ്രദേശത്ത് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ആലുവ മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ പ്രതിയേയും കുട്ടിയേയും കണ്ടെന്നും ചുമട്ട് തൊഴിലാളി പറഞ്ഞു.
സംഭവത്തില്‍ രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസ്ഫാഖിന്റെ സുഹൃത്തുക്കളാണ് പിടിയിലായത്.