ആലുവയിൽ നിന്ന് കാണാതായ അഞ്ച് വയസുകാരി കൊല്ലപ്പെട്ടു; മൃതദേഹം കണ്ടെത്തി

0
195

ആലുവയിൽ നിന്ന്‌ കാണാതായ അഞ്ച്‌ വയസുകാരി കൊല്ലപ്പെട്ടു. മൃതദേഹം ആലുവ മാർക്കറ്റിന്‌ പിറകിലെ മാലിന്യക്കൂമ്പാരത്തിൽനിന്ന്‌ കണ്ടെത്തി. മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നി (5) യുടെ മൃതദേഹമാണ്‌ മാർക്കറ്റിനുള്ളിലെ ഒഴിഞ്ഞ പ്രദേശത്തുനിന്ന്‌ കണ്ടെത്തിയത്‌. ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധന തുടങ്ങി.

ശനിയാഴ്ച പകൽ പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത് എത്തിയ സിഐടിയു തൊഴിലാളികളും നാട്ടുകാരും വിവരം പൊലീസിനെ അറിയിച്ചത്. ജനശ്രദ്ധയെത്താത്ത സ്ഥലത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എപ്പോഴാണ് കുട്ടിയെ ഇവിടേക്ക് കൊണ്ടുവന്നത്, ആരാണ് കൊണ്ടുവന്നത് എന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

ബിഹാർ സ്വദേശികൾ താമസിക്കുന്ന കെട്ടിടത്തിൽ രണ്ടുദിവസം മുമ്പ് താമസിക്കാനെത്തിയ അസം സ്വദേശിയായ അസ്‌ഫാഖ്‌ ആലമാണ് ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് കൈമാറിയെന്നാണ്‌ പിടിയിലായ പ്രതി അസ്‌ഫാഖ്‌ ആലം പൊലീസിനോടു പറഞ്ഞിരുന്നത്‌. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് അസ്‌ഫാഖ്‌ പൊലീസിൽ മൊഴി നൽകിയത്.

മാർക്കറ്റിനടുത്ത് വന്നശേഷം അസ്‌ഫാഖ്‌ ആലം ഒറ്റക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇത് വെച്ച് ചോദ്യം ചെയ്തപ്പോഴാണ് മാർക്കറ്റിനടുത്ത് വച്ച് താൻ കുട്ടിയെ സക്കീർ ഹുസൈൻ എന്നയാൾക്ക് കൈമാറിയെന്ന് അസ്‌ഫാഖ്‌ ആലം പൊലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് പൊലീസ് മാർക്കറ്റിനടുത്ത് പരിശോധനക്കായി എത്തിയത്. ഈ സമയത്ത് ആലുവ മാർക്കറ്റിനു സമീപം ചാക്കിൽ കെട്ടിയ നിലയിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി സിഐടിയു തൊഴിലാളികളും നാട്ടുകാരും പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയാണ് കൊല്ലപ്പെട്ടത് ചാന്ദ്‌നിയാണെന്ന് സ്ഥിരീകരിച്ചത്. കുട്ടിയുടെ അച്ഛനെ മൃതദേഹം കുട്ടിയുടേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാനായി സ്ഥലത്തേക്ക് എത്തിച്ചെങ്കിലും ആദ്യം മൃതദേഹം കിടക്കുന്ന ഭാഗത്തേക്ക് കൊണ്ടുപോകാതെ മാറ്റിനിർത്തുകയായിരുന്നു.

മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരി- നീതുകമാരി ദമ്പതികളുടെ മകളാണ് ചാന്ദ്നി. ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസിക്കായെത്തിയ ആളാണ് അസം സ്വദേശിയായ അസഫാക് ആലം. വെള്ളിയാഴ്ച പകൽ മൂന്നോടെയാണു സംഭവം. രാംധറിനു 4 മക്കളുണ്ട്. സ്കൂൾ അവധിയായതിനാൽ അവർ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. മക്കളിൽ രണ്ടാമത്തെയാളാണ് ചാന്ദ്നി.

രാംധറും ഭാര്യ നീതു കുമാരിയും വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്.പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകി. തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ചാന്ദ്നി.

ഇന്നലെയാണ് ആലുവ ഗ്യാരേജിൽ നിന്ന് അഞ്ച് വയസുകാരി ചാന്ദ്‌നിയെ അസ്‌ഫാഖ്‌ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസിൽ അസ്‌ഫാഖ്‌ കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു.

പിന്നാലെ മണിക്കൂറുകൾക്കകം പ്രതി അസ്‌ഫാഖ്‌ ആലമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ 20 മണിക്കൂറിലേറെയായി ഈ അഞ്ചര വയസുകാരിക്ക് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു പൊലീസ്.