ആലുവ: അഞ്ചുവയസുകാരി പീഡനത്തിനിരയായി, രഹസ്യഭാഗങ്ങളിൽ മുറിവ്, കൊന്നത് കഴുത്ത് ഞെരിച്ച്

0
110

ആലുവയില്‍ കൊല്ലപ്പെട്ട ഒന്നാംക്ലാസ് വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായതായി പൊലീസ്. കുട്ടിയുടെ പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി. അതിക്രൂരമായാണ്‌ പെൺകുട്ടിയെ പ്രതി കൊലപ്പെടുത്തിയതെന്ന്‌ പൊലീസ്‌ പറഞ്ഞു. കുട്ടി ലൈംഗിക പീഡനത്തിന്‌ ഇരയായിട്ടുണ്ടെന്നും പൊലീസ്‌ പറഞ്ഞു. കഴുത്തു ഞെരിച്ചാണ്‌ കൊലപാതകം. പീഡനത്തിനു ശേഷം കുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം പ്ലാസ്റ്റിക് ചരട് ഉപയോഗിച്ചു കഴുത്തില്‍ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് നിഗമനം. മുഖത്ത് കല്ലുകൊണ്ട് ഇടിച്ച പാടുകളുണ്ട്. നടുവും ഒടിഞ്ഞിട്ടുണ്ട്. രഹസ്യ ഭാഗങ്ങളിൽ അടക്കം കുട്ടിയുടെ ശരീരം മൊത്തം മുറിവുകളുണ്ട്. മൃതദേഹത്തിൽ ഉറുമ്പുകൾ കടിച്ചതിന്റെ പാടുകൾ ഉണ്ടെന്നും പൊലീസ്‌ പറഞ്ഞു.

തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, പോക്‌സോ എന്നീ കുറ്റങ്ങൾ ചേർത്താണ്‌ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്‌. കളമശേരി ഗവ. മെഡിക്കൽ കോളേജിൽ പോസ്‌റ്റുമോർട്ടം ചെയ്‌ത മൃതദേഹം ആലുവ താലൂക്ക്‌ ആശുപത്രിയിലേക്ക്‌ മാറ്റി. മൂന്നുമണിക്കൂറോളം എടുത്താണ് മൃതദഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. ഞായറാഴ്ച പൊതുദർശനവും സംസ്കാരവും നടക്കും. കസ്റ്റഡിയിലുള്ള പ്രതി അസ്ഫാഖ് ആലം കുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചതായും വ്യക്തമായി. മരണം ഉറപ്പാക്കിയശേഷം പ്ലാസ്റ്റിക് കവറുകളും ചാക്കും മൃതദേഹത്തിന് മുകളിലിട്ടു. ശേഷം മൂന്ന് കല്ലുകളും ഇതിനുമുകളില്‍വെച്ചാണ് അസ്ഫാഖ് സ്ഥലത്തുനിന്നും മുങ്ങിയത്.

ഇന്നലെയാണ് ബിഹാര്‍ സ്വദേശിയുടെ ആറ് വയസുകാരിയായ മകളെ കാണാതാകുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അസ്ഫാഖ് ആലം അറസ്റ്റിലായി. ആലുവ മാര്‍ക്കറ്റിന് സമീപമെത്തിയ ഇയാള്‍ മാര്‍ക്കറ്റിന് പിറകിലേക്ക് കുട്ടിയുമായി നടന്നാണ് എത്തിയത്. ഇയാളെയും പെണ്‍കുട്ടിയെയും കണ്ട് ചിലര്‍ കാര്യം തിരക്കിയെങ്കിലും തന്റെ കുഞ്ഞാണെന്നായിരുന്നു പ്രതിയുടെ മറുപടി. മദ്യപിക്കാന്‍ പോവുകയാണെന്നും പറഞ്ഞു. തുടര്‍ന്ന് മാര്‍ക്കറ്റിന് പിറകിലെ കാടുമൂടിയ ഒറ്റപ്പെട്ട സ്ഥലത്തെത്തിയ അസ്ഫാഖ് പെണ്‍കുട്ടിയെ അതിക്രൂരമായി ഉപദ്രവിച്ചശേഷം കൊലപ്പെടുത്തിയെന്നാണ് പ്രാഥമികവിവരം.

അതിനിടെ, ആലുവയിലെ പെൺകുട്ടിയുടെ കൊലപാതകക്കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് റെയ്ഞ്ച് ഡിഐജി ശ്രീനിവാസൻ. കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടി അതിന് ചുറ്റും മൂന്ന് കല്ലുകളിട്ട് പ്ലാസ്റ്റിക് മാലിന്യം കൊണ്ട് മൂടിയ നിലയിലായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ട്. ഇന്‍ക്വസ്റ്റ് നടപടി പൂർത്തിയായി. മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് തുടരന്വേഷണത്തിലെ മനസ്സിലാകൂ. ചോദ്യംചെയ്യലില്‍ പൊലീസിനെ വഴിതെറ്റിക്കാന്‍ വേണ്ടി പ്രതി ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. എസ്പിയുടെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതി കുട്ടിയെ കൊന്ന് കുഴിച്ചിട്ട സ്ഥലം കാണിച്ചുതരാമെന്ന് മൊഴി നല്‍കി. കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ വന്ന് പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നും ഡിഐജി പറഞ്ഞു.

മൂന്ന് മണിക്ക് വീടിന് അടുത്തുളള ചിക്കന്‍ സ്റ്റാളിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ കൂടെ കുട്ടിയുണ്ട്. അഞ്ച് മണിക്ക് മറ്റൊരു സിസിടിവി ദൃശ്യം ലഭിച്ചു. ആ ദൃശ്യത്തില്‍ പ്രതിയുടെ കൂടെ കുട്ടിയില്ലായിരുന്നു. ഈ ഒരു സമയത്തിനുളളിലാണോ കൊലപാതകം നടന്നതെന്ന് കണ്ടെത്താനുണ്ടെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. എന്തിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും മറ്റ് ആരെങ്കിലും ഈ കൊലപാതകത്തിന് പിന്നിലുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ട്. ആലുവയിലേക്ക് എന്തിന് വന്നു എന്നും പരിശോധിക്കേണ്ടതുണ്ട്. ഈ മാസം 22 ന് ആണ് ഇയാള്‍ ആലുവ ഭാഗത്തേക്ക് വന്നത് എന്ന് പൊലീസ് പറഞ്ഞു.

കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടംപൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. അച്ഛനാണ് മൃതദേഹം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹം നാളെ കുട്ടി പഠിച്ച സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. പിന്നീട് ആലുവ ചൂര്‍ണിക്കരയിലെ പൊതു ശ്മശാനത്തില്‍ സംസ്‌കാരം.