അഞ്ചുതെങ്ങിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; പ്രസവിച്ച ഉടൻ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ്

0
192

അഞ്ചുതെങ്ങിൽ കടൽത്തീരത്തുനിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രസവിച്ച ഉടൻ അഞ്ചുതെങ്ങ് സ്വദേശി ജൂലി (36) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശുചിമുറിക്ക് പിന്നിൽ കുഴിച്ചിട്ട ജഡം നായ്ക്കൾ കടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും പൊലീസ് പറയുന്നു.

ജൂലൈ 18നാണ് നവജാതശിശുവിന്റെ മൃതദേഹം കടപ്പുറത്ത് നായ്ക്കൾ കടിച്ചുകൊണ്ടുപോകുന്നതായി കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. സമീപത്തെ എല്ലാ ആശുപത്രികളിലും പൊലീസ് പരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുതെങ്ങ് സ്വദേശിയായ ജൂലിയിലേക്ക് അന്വേഷണം എത്തിയത്. ജൂലിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയപ്പോൾ സമീപസമയത്ത് അവർ പ്രസവിച്ചതായി കണ്ടെത്തി. തുടർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതായി യുവതി പൊലീസിനോട് സമ്മതിച്ചു.

പ്രസവിച്ച ഉടനെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ശുചിമുറിയുടെ സമീപത്തു മറവ് ചെയ്തതായി ജൂലി പൊലീസിന് മൊഴി നൽകി. ജൂലിയുടെ ഭർത്താവ് ഒരു വർഷം മുൻപ് മരിച്ചിരുന്നു. ഇവർക്ക് പതിമൂന്ന് വയസുള്ള മറ്റൊരു കുട്ടിയും ഉണ്ട്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതുൾപ്പെടെ അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.

ജൂലൈ പതിനഞ്ചാം തീയതി പുലർച്ചെ 5 മണിക്കാണ് വീടിനു സമീപത്തെ ശുചിമുറിയിൽ ജൂലി പ്രസവിച്ചത്. അതിനുശേഷം കത്രിക കൊണ്ട് പൊക്കിൾകൊടി നീക്കം ചെയ്തു. കുട്ടി കരഞ്ഞപ്പോൾ വായും മൂക്കും പൊത്തിപ്പിടിച്ച് കൊലപ്പെടുത്തു കയായിരുന്നു. പിന്നീട് വീട്ടിനുള്ളിൽ നിന്നും വെട്ടുകത്തി കൊണ്ടു വന്ന് സമീപത്തെ പൈപ്പിന്റെ ചുവട്ടിൽ കുഴി ഉണ്ടാക്കി മറവു ചെയ്തു. പതിനാറാം തീയതിയും പതിനേഴാം തീയതിയും അതിരാവിലെ കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട ഭാഗത്ത് ജൂലി പോയി നോക്കുമായിരുന്നു. പതിനെട്ടാം തീയതി ചെന്നപ്പോൾ മൃതദേഹം തെരുവുനായ്ക്കൾ മാന്തിയെടുത്തതായി കണ്ടു. തുടർന്ന് ജൂലി തന്നെ കുഴി പൂർവസ്ഥിതിയിൽ നികത്തുകയായിരുന്നു.

അഞ്ചുതെങ്ങ് പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജൂലിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ആദ്യഘട്ടത്തിൽ വിസമ്മതിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ നിരത്തിയതോടെ പ്രതി കുറ്റം സമ്മതിച്ചു.

വിധവയായ തനിക്ക് കുഞ്ഞ് ജനിച്ചാൽ ഉണ്ടാകുന്ന അപമാന ഭയത്താൽ ആണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കുട്ടിയെ ഉദരത്തിൽ വച്ച് തന്നെ ഇല്ലാതാക്കണമെന്നുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. ജനിക്കുന്ന ഉടൻ കൊലപ്പെടുത്തണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെന്നും പ്രതി ഏറ്റുപറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.